Wednesday, April 2, 2025

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ജയ് ഷാ

അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബിസിസിഐ പ്രസിഡന്റ് ജയ് ഷാ. ടീമിനെ രോഹിത് ശര്‍മ തന്നെ നയിക്കുമെന്ന് ജയ് ഷാ വ്യക്തമാക്കി. 2024 ട്വന്റി 20 ലോകകപ്പിലെ ഫൈനലില്‍ ഇന്ത്യന്‍ ടീം രോഹിത് ശര്‍മയുടെ കീഴില്‍ കപ്പുയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോച്ച് രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, നായകന്‍ രോഹിത് ശര്‍മ്മ എന്നിവരെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം.

തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ചിട്ടും 2023 ഏകദിന ലോകകപ്പ് കലാശക്കളിയില്‍ ഇന്ത്യക്ക് പരാജയമേറ്റുവാങ്ങേണ്ടി വന്നെങ്കിലും നമ്മള്‍ ഒരുപാട് ഹൃദയങ്ങള്‍ കീഴടക്കിയെന്ന് ജയ് ഷാ പറഞ്ഞു. ടീമിനെ ഹര്‍ദ്ദിക്ക് പാണ്ഡ്യയാകും നയിക്കുകയെന്ന ഊഹപോഹങ്ങള്‍ നിലനില്‍ക്കെയായിരുന്നു ക്യാപ്റ്റനായി രോഹിത് ശര്‍മ തന്നെ ടീമിനെ നയിക്കുമെന്ന പ്രഖ്യാപനം എത്തുന്നത്.

2023 ജനുവരി മുതല്‍ ഇന്ത്യന്‍ ടി 20 സംഘത്തെ നയിച്ചുവന്നത് പാണ്ഡ്യയായിരുന്നു. ഇക്കഴിഞ്ഞ അഫ്ഗാനെതിരായ മത്സരത്തിലൂടെയാണ് രോഹിത് വീണ്ടും ടി 20 യിലും നായക സ്ഥാനത്തേക്ക് തിരികെയെത്തിയത്. 20 ടീമുകളാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. ആകെ 55 മത്സരങ്ങളാണുള്ളത്. ജൂണ്‍ 1ന് ആതിഥേയരായ യുഎസും കാനഡയും തമ്മിലാണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം.

ഗ്രൂപ്പ് എയില്‍ യുഎസ്, കാനഡ, അയര്‍ലന്‍ഡ്, പാക്കിസ്താന്‍ എന്നിവയ്‌ക്കൊപ്പമാണ് ഇന്ത്യയുമുള്ളത്. ജൂണ്‍ 29ന് ബാര്‍ബഡോസിലാണ് ഫൈനല്‍ മത്സരം. ജൂണ്‍ 5ന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ 9ന് ഇന്ത്യ പാക്കിസ്താന്‍ പോരാട്ടം ന്യൂയോര്‍ക്കില്‍ നടക്കും.

 

Latest News