തായ്‌വാനെ ചൈനയില്‍നിന്നും വേര്‍പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ മുതിര്‍ന്ന ചൈനീസ് സൈനിക ഉദ്യോഗസ്ഥന്‍ രംഗത്ത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഒരു ദയയും കാണിക്കില്ലെന്ന് ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ (സി.എം.സി) വൈസ് ചെയര്‍മാന്‍ ജനറല്‍ ഷാങ് യൂക്‌സിയ മുന്നറിയിപ്പു നല്‍കി.
“ചൈനയില്‍ നിന്നും തായ്‌വാനെ വേര്‍പെടുത്താന്‍ ആര് ആഗ്രഹിച്ചാലും, ചൈനീസ് സൈന്യം ഒരിക്കലും അതു സമ്മതിക്കില്ല, അവരോട് ഒരു ദയയും ഒരുകാലത്തും ഉണ്ടാവുകയുമില്ല” ഷാങ് യൂക്‌സിയ പറഞ്ഞു. തിങ്കളാഴ്ച ബെയ്ജിംഗില്‍ നടന്ന പത്താം സിയാങ്ഷാന്‍ ഫോറത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. 1,800ലധികം ആളുകള്‍ പങ്കെടുത്ത ചൈനയുടെ പ്രതിരോധമേഖലയിലെ ഏറ്റവും വലിയ വാര്‍ഷിക പരിപാടിയായിരുന്നു ഇത്. ചടങ്ങില്‍ പങ്കെടുത്തവരില്‍ 19 രാജ്യങ്ങളില്‍ നിന്നുള്ള 99 ഔദ്യോഗിക പ്രതിനിധികളും പ്രതിരോധ മന്ത്രിമാരും സൈനിക മേധാവികളും അന്താരാഷ്‌ട്ര സംഘടനാ പ്രതിനിധികളും വിദഗ്ധരും പണ്ഡിതരും നിരീക്ഷകരും ഉള്‍പ്പെടുന്നുവെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ട്.