Monday, November 25, 2024

ചൈനയെ ശക്തമായി നേരിടും; മിസൈലുകള്‍ വിന്യസിച്ചും വ്യോമാഭ്യാസം നടത്തിയും തായ്‌വാന്‍

ചൈനയുടെ നിരന്തര ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനവുമായി തായ്വാന്‍. ചൈനാക്കടലില്‍ തങ്ങള്‍ക്കെതിരെ ബീജിംഗ് പ്രകോപനം നടത്തുമ്പോള്‍ തായ്വാന്‍ സൈന്യം മിസൈലുകളെ വിന്യസിച്ചും വ്യോമാഭ്യാസം നടത്തിയും കരുത്ത് തെളിയിക്കുകയാണ്. ഏതു നിമിഷം ചൈന ആക്രമിച്ചാലും തിരിച്ചടിയ്്ക്കാനാണ് തായ്വാന്‍ ഭരണകൂടം സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനിടെ തായ്‌വാന് മേല്‍ ചൈനയുടെ നീക്കം കടുക്കാതിരിക്കാന്‍ ജപ്പാനും അമേരിക്കയും കനത്ത ജാഗ്രതയിലാണ്.

തായ്വാന്റെ എട്ടാം സൈനിക കോറാണ് ചൈനയെ നേരിടാനായി പരിശീലനം കടുപ്പിക്കുന്നത്. തെക്കന്‍ തീരമേഖലയായ പിംഗ്തൂംഗിലാണ് തായ് കപ്പലുകള്‍ മിസൈലുകള്‍ പരീക്ഷിച്ചത്. നാലുമണിക്കൂറിലേറെ നേരമാണ് പരിശീലനം നടന്നത്. കരയില്‍ ആയിരക്കണക്കിന് സൈനികര്‍ക്കൊപ്പം അമേരിക്കന്‍ നിര്‍മ്മിത ഹോവിറ്റ്സര്‍ പീരങ്കികളും നിരത്തി ഹൃസ്വദൂര മിസൈലുകളും തൊടുത്താണ് പരിശീലനം നടക്കുന്നത്.

യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പലോസിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രകോപിതരായ ചൈന തായ്വാന്‍ തീരത്തിനടുത്ത് സൈന്യത്തെ അണിനിരത്തിയാണ് അമേരിക്കയെ വെല്ലുവിളിക്കുന്നത്. ഇതിനിടെ ചൈനയുടെ മിസൈലുകള്‍ ജപ്പാന്റെ അതിര്‍ത്തി ലംഘിച്ചെന്ന് കാണിച്ച് പ്രധാനമന്ത്രി ഫൂമിയോ കിഷിദ ശക്തമായി അപലപിച്ചിരുന്നു. റഷ്യ യുക്രെയ്നെ കടന്നാക്രമിച്ച അതേ രീതി ചൈന തായ്വാനെതിരേയും പരീക്ഷിക്കുമെന്ന സൂചന മാസങ്ങള്‍ക്ക് മുന്നേ പ്രതിരോധ വിദഗ്ധര്‍ നല്‍കിയിരുന്നു.

 

 

Latest News