പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ബലംപ്രയോഗിക്കാനുള്ള അവകാശത്തെ ചൈന ഒരിക്കലും ഉപേക്ഷിക്കില്ല എന്ന് പ്രസിഡന്റ് ഷി ജിൻപിങ്. എന്നിരുന്നാലും സമാധാനപരമായി തീർപ്പിലെത്താനാണ് ബെയ്ജിങ് ആഗ്രഹിക്കുന്നതെന്നും ഷി കൂട്ടിച്ചേർത്തു. ബെയ്ജിങ്ങിൽ നടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം പാർട്ടി കോൺഗ്രസിലായിരുന്നു ഷിയുടെ പരാമർശം.
പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടലുകളെയും തയ്‌വാന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന വളരെ ചെറിയ സംഘത്തിനു നേർക്കും മാത്രമേ ആവശ്യമാകുന്ന പക്ഷം ബലപ്രയോഗം നടത്തുകയുള്ളൂവെന്നും ഷി പറഞ്ഞു. തയ്‌വാനിലെ ജനങ്ങളെ എല്ലായ്‌പ്പോഴും കരുതലോടെയും ബഹുമാനത്തോടെയുമാണ് ചൈന പരിഗണിച്ചിട്ടുള്ളത്. തയ്‌വാനുമായുള്ള സാമ്പത്തിക-സാംസ്‌കാരിക വിനിമയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ചൈന പ്രതിജ്ഞാബദ്ധമാണെന്നും ഷി കൂട്ടിച്ചേർത്തു.
അതേസമയം ഷിയുടെ പ്രസ്താവനയ്ക്ക് രൂക്ഷമായ മറുപടിയുമായി തയ്‌വാൻ രംഗത്തെത്തി. രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും സ്വാതന്ത്ര്യവുമായോ ജനാധിപത്യവുമായോ ബന്ധപ്പെട്ട ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നുമായിരുന്നു തയ്വാന്റെ പ്രതികരണം.