Monday, November 25, 2024

നിര്‍ബന്ധിത സൈനിക സേവനം ഒരു വർഷമാക്കി ഉയർത്താൻ തായ്‌വാൻ

തായ്‌പേയ് ദ്വീപില്‍ ചൈനയുടെ ഭീഷണി ശക്തമായതോടെ നിർബന്ധിത സൈനിക സേവനം ഒരു വർഷമായി ഉയര്‍ത്താന്‍ തായ്‌വാൻ. ദ്വീപിൽ ചൈനയുടെ സമ്മർദ്ദം കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം. നിലവില്‍ നാലു മാസത്തേക്കായിരുന്നു ദ്വീപില്‍ നിര്‍ബന്ധിത സൈനിക സേവനം.

കഴിഞ്ഞ ആഗസ്റ്റില്‍ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി നടത്തിയ തായ്‌പേയ് സന്ദർശനത്തെ തുടർന്നാണ് തായ്‌വാനും ചൈനയും തമ്മിലുള്ള ബന്ധം വഷളായത്. ഇതിനിടെ തായ്‌വാനിലെ യുഎസ് വാർഷിക പ്രതിരോധ ബില്ലിൽ തായ്‌വാന് പ്രാധാന്യം നൽകിയതും ചൈനയെ ചൊടിപ്പിച്ചു. ഇതിനെ തുടര്‍ന്ന് തുടര്‍ച്ചയായി തായ്പോയ് ദ്വീപിലേക്ക് ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാലു മാസത്തേക്ക് നിർബന്ധിത സൈനിക സേവനത്തിന് തായ്‌വാന്‍ ഭരണകൂടം ഉത്തരവിറക്കിയത്. കാലാവധി അവസാനിക്കാനിരിക്കെയാണ് സേവനം ഒരുവര്‍ഷമാക്കി ഉയർത്തിയത്.

അതേസമയം ദ്വീപിന്റെ സിവിൽ ഡിഫൻസ് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ദേശീയ സുരക്ഷാ മീറ്റിംഗ് വിളിക്കുമെന്നും പുതിയ സിവിൽ ഡിഫൻസ് നടപടികൾ നടപ്പാക്കുമെന്നും തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെന്റെയുടെ ഓഫീസ് അറിയിച്ചു. സിവിൽ ഡിഫൻസ് നടപടികളെക്കുറിച്ച് തായ്‌വാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രതിരോധ മന്ത്രാലയത്തിലെയും ദേശീയ സുരക്ഷാ കൗൺസിലിലെയും ഉന്നതതല ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

Latest News