തായ്വാനിലെ മുൻനിര ടെക് സ്ഥാപനങ്ങൾ ഇന്ത്യയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഇതിനായി മുംബൈയില്‍ പുതിയൊരു ഓഫീസ് തുറക്കുമെന്ന് തായ്വാൻ വ്യാഴാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. ചൈനയിലെ സാന്നിധ്യം നിലനിർത്തിക്കൊണ്ടുതന്നെ രാജ്യത്തിനു പുറത്ത് തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണ് തായ്വാൻ ഭരണകൂടത്തിന്റെ ലക്ഷ്യം.
വൺ-ചൈന പോളിസി നിലനിൽക്കുന്നതിനാൽ ഇന്ത്യയ്ക്ക് തായ്വാനുമായി ഔപചാരിക നയതന്ത്രബന്ധമില്ല. എന്നാല്‍ ഇന്ത്യയിൽ ബിസിനസ് നടത്താൻ സാമ്പത്തിക-സാംസ്കാരിക കേന്ദ്രങ്ങൾ തായ്വാൻ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ എംബസി ഇല്ലാത്തതിനാൽ ഡൽഹിയിലെ ഓഫീസ് എംബസിയായും ചെന്നൈയിലെ കേന്ദ്രം കോൺസുലേറ്റായും പ്രവർത്തിക്കുന്നു. ഇതിനു പുറമേയാണ് നിക്ഷേപസാധ്യതകള്‍ വിപുലീകരിക്കാന്‍ മുംബൈയില്‍ ഓഫീസ് ആരംഭിക്കുന്നത്.
“സാമ്പത്തികവും, വ്യാപാരവും, ശാസ്ത്രസാങ്കേതികവിദ്യയും, നിർണ്ണായക വിതരണശൃംഖലകൾ, സംസ്കാരം, വിദ്യാഭ്യാസം, പരമ്പരാഗത വൈദ്യശാസ്ത്രം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ തായ്വാനും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിൽ സമീപകാല വർഷങ്ങളിൽ കാര്യമായ പുരോഗതി കൈവരിച്ചു” – തായ്വാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഈ സഹകരണത്തിന്റെ പശ്ചാത്തലത്തിൽ ആർഒസി (തായ്വാൻ) ഗവൺമെന്റ് മുംബൈയിൽ തായ്പേയ് ഇക്കണോമിക് ആൻഡ് കൾച്ചറൽ സെന്റർ (ടിഇസിസി) സ്ഥാപിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള കൈമാറ്റവും സഹകരണവും ഇതിലൂടെ കൂടുതൽ ശക്തമാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.