Monday, November 25, 2024

സർവ്വകലാശാലകളിലെ പ്രവേശന വിലക്കിനെതിരെ പ്രതിഷേധിച്ച വനിതകളെ അറസ്റ്റ് ചെയ്ത് താലിബാൻ

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സർവ്വകലാശാലകളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്കിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത അഞ്ച് സ്ത്രീകളെ താലിബാൻ അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെട്ടവരിൽ മൂന്നു മാധ്യമ പ്രവർത്തകരും ഉൾപ്പെടുന്നതായാണ് വിവരം. പൊതു-സ്വകാര്യ സർവ്വകലാശാലകളിൽ സ്ത്രീകൾ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് ചൊവ്വാഴ്ചയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പുതിയ നിരോധനം പ്രാബല്യത്തിൽ കൊണ്ടുവന്നത്.

നിരോധനം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം – ബുധനാഴ്ച നൂറുകണക്കിന് സ്ത്രീകളെ സർവകലാശാലകളിൽ പ്രവേശിക്കുന്നതിൽ നിന്ന് ഗാർഡുകൾ തടഞ്ഞു. പലരും കോളേജുകളിൽ എത്തിയപ്പോഴാണ് പ്രവേശന വിലക്കിന്റെ വിവരം അറിയുന്നത് തന്നെ. എന്നാൽ പടിപടി ആയി ഈ നിയമം നടപ്പിലാക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു താലിബാൻ. ഇതിനു മുന്നോടിയായി ഹൈസ്‌കൂൾ വിദ്യാഭ്യാസം പെൺകുട്ടികൾക്ക് നിഷേധിച്ചിരുന്നു.

വസ്ത്രധാരണം പാലിക്കാത്തതിന് സ്ത്രീകളെ സർവകലാശാലയിൽ നിന്ന് വിലക്കി എന്നാണ് താലിബാൻ നൽകുന്ന വിശദീകരണം. “ക്ലാസുകളിൽ പോകുമ്പോൾ അവർ ഒരു കല്യാണത്തിന് പോകുന്നതുപോലെ വസ്ത്രം ധരിച്ചിരുന്നു.” താലിബാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം പിന്നീട് സ്റ്റേറ്റ് ടെലിവിഷനിൽ പറഞ്ഞു.

Latest News