അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന് രൂപ ഉപയോഗിക്കുന്നത് താലിബാന് നിരോധിച്ചു. രാജ്യത്ത് പാകിസ്ഥാന് കറന്‍സിയുടെ നിരോധനം ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി അഫ്ഗാന് വാര്‍ത്താ ഏജന്‍സിയായ ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ഇടപാടുകളില്‍ പാകിസ്ഥാന് രൂപ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചതായി താലിബാന് ഇന്റലിജന്‍സ് ഏജന്‍സിയും അറിയിച്ചു.
ഇതോടെ പാകിസ്ഥാനുമായി താലിബാന് കൂടുതല്‍ അകലുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന് രൂപയുടെ കൈമാറ്റം, വ്യാപാരം, കറന്‍സി വിനിമയം എന്നിവ ഉള്‍പ്പെടെ എല്ലാ സാമ്പത്തിക ഇടപാടുകളും നിരോധിക്കപ്പെട്ടു. 5,00,000 പാകിസ്ഥാന് രൂപയില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് മണി എക്സ്ചേഞ്ച് ഡീലര്‍മാര്‍ക്ക് വിലക്കുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിശ്ചിത തുകയില്‍ കൂടുതല്‍ തുക കണ്ടെത്തിയാല്‍ ഡീലര്‍മാര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.
രാജ്യത്തെ സാധാരണ പൗരന്മാര് പാകിസ്ഥാന് രൂപയിലാണ് ഭക്ഷണമടക്കമുള്ള ദൈനംദിന ചെലവുകള്‍ നടത്തുന്നത്. ഈ സമയത്താണ് താലിബാന് പാകിസ്ഥാന് രൂപ ഉപയോഗിച്ചുള്ള വ്യാപാരം നിരോധിച്ച് കൊണ്ട് ഉത്തരവിട്ടതും.