അഫ്ഗാനിസ്ഥാനിൽ ഇസ്ലാമികനിയമങ്ങളുടെ ലംഘനം ഉണ്ടാകാമെന്നതിനാൽ ചെസ്സ് നിരോധിച്ച് താലിബാൻ. ഇതോടെ നിരോധിക്കപ്പെട്ട നിരവധി കാര്യങ്ങളുടെ നീണ്ടപട്ടികയിൽ ചെസ്സും ചേർക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ കായികവകുപ്പിന് ഇസ്ലാമികനിയമവുമായി ചെസ്സ് പൊരുത്തപ്പെടുന്നുണ്ടോ എന്നു നിർണ്ണയിക്കാൻ കഴിയുന്നതുവരെ ഗെയിം അനിശ്ചിതമായി നിരോധിച്ചിരിക്കുകയാണെന്ന് താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ദേശീയ ചെസ്സ് ഫെഡറേഷനിലെ നേതൃത്വപരമായ പ്രശ്നങ്ങളെയും കളിയെയും ചുറ്റിപ്പറ്റി മതപരമായി നിലനിൽക്കുന്ന ആശങ്കകൾ കാരണം ചെസ്സ് താൽക്കാലികമായി നിർത്തിവച്ചതായി താലിബാൻ സ്‌പോർട്‌സ് ഡയറക്ടറേറ്റിന്റെ വക്താവ് അടൽ മഷ്‌വാനി പറഞ്ഞു. ശരിയത്ത് അല്ലെങ്കിൽ ഇസ്ലാമികനിയമത്തിൽ ചെസ്സ് ചൂതാട്ടത്തിനുള്ള ഒരു മാർഗമായി കണക്കാക്കപ്പെടുന്നെന്നും ഇത് സദ്‌ഗുണ പ്രചാരണവും ദുഷ്‌പ്രവൃത്തി തടയൽ നിയമവും പ്രകാരം നിരോധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗെയിം നിരോധിക്കുന്നതിനു പുറമേ, അഫ്ഗാനിസ്ഥാൻ നാഷണൽ ചെസ്സ് ഫെഡറേഷനെയും (ANCF) സസ്പെൻഡ് ചെയ്തതായി ബിബിസിയിലെ ഒരു റിപ്പോർട്ട് പറയുന്നു.