Saturday, November 23, 2024

അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്ത് വിട്ടു; യുഎന്നിന്റെ പ്രത്യേക പ്രതിനിധിക്ക് വിലക്ക്

താലിബാന്റെ അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട യുഎന്നിന്റെ റിപ്പോര്‍ട്ടറെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി താലിബാന്‍. യുഎന്‍ സ്പെഷ്യല്‍ റിപ്പോര്‍ട്ടറായ റിച്ചാര്‍ഡ് ബെന്നറ്റിനെയാണ് വിലക്കിയത്. റിച്ചാര്‍ഡിനെ വിവരം അറിയിച്ചുവെന്നും താലിബാന്‍ അറിയിച്ചു.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതും, തൊഴിലിടങ്ങളില്‍ വിലക്കിയതുമെല്ലാം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചകളായിരുന്നു. പൊതുഇടങ്ങള്‍, പാര്‍ക്കുകള്‍, ജിമ്മുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ബന്ധുവായ പുരുഷനോടൊപ്പം യാത്ര ചെയ്യുന്നതിനുള്‍പ്പെടെ വിലക്കുകള്‍ ഉണ്ടായിരുന്നു. താലിബാന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

എന്നാല്‍ ബെന്നറ്റിനെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് ചില വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് താലിബാന്‍ അറിയിച്ചിരിക്കുന്നത്. ചില പ്രത്യേക അജണ്ടകളുടെ ഭാഗമായിട്ടാണ് ബെന്നറ്റിനെ അഫ്ഗാനിസ്ഥാനില്‍ നിയമിച്ചതെന്നും, വിശ്വസിക്കാന്‍ കഴിയാത്ത ആളായതിനാലാണ് വിലക്കിയതെന്നും താലിബാന്‍ ഗവണ്‍മെന്റ് ചീഫ് സബിഹുള്ള മുജാഹിദ് പറയുന്നു.

അഫ്ഗാനില്‍ സ്ത്രീകള്‍ നേരിടുന്ന പല പ്രശ്നങ്ങളും ബെന്നറ്റ് അന്താരാഷ്ട്ര തലത്തില്‍ തുറന്ന് കാണിച്ചിരുന്നു. കഴിഞ്ഞ ആഴ്ച താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന്റെ മൂന്നാം വാര്‍ഷികത്തില്‍ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ബെന്നറ്റ് ഉള്‍പ്പെടുന്ന 29 യുഎന്‍ വിദഗ്ധര്‍ പ്രതികരിച്ചിരുന്നു. ജൂണ് അവസാനം ഖത്തറില്‍ യുഎന്‍ ആതിഥേയത്വം വഹിച്ച ചടങ്ങില്‍ നിന്നും അഫ്ഗാന്‍ സ്ത്രീകളെ ഒഴിവാക്കാനുള്ള തീരുമാനത്തേയും അദ്ദേഹം അപലപിച്ചിരുന്നു. എന്നാല്‍ ചെറിയ വിഷയങ്ങള്‍ ബെന്നറ്റ് പെരുപ്പിച്ച് കാട്ടുന്നതായി സബിഹുള്ള ആരോപിച്ചു.

 

Latest News