അഫ്ഗാനിസ്ഥാനില്‍ സംഗീതോപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാൻ ഭരണകൂടം. സംഗീതം അധാർമ്മികമാണെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും ആരോപിച്ചാണ് നടപടി. ഗിറ്റാറുകൾ, തബലകൾ, ഡ്രം, ആംപ്ലിഫയറുകൾ, സ്‌പീക്കറുകൾ എന്നിവ കത്തിച്ചവയിൽ ഉൾപ്പെടുന്നു.
ഹെറാത്ത് നഗരത്തിലെ കല്യാണമണ്ഡപങ്ങളിൽ നിന്നും മറ്റും കണ്ടുകെട്ടിയ സംഗീതോപകരണങ്ങള്‍ താലിബാൻ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഇവയ്ക്ക് നൂറുകണക്കിന് ഡോളറിന്റെ വിലവരുമെന്നാണ് വിലയിരുത്തല്‍. “സംഗീതം പ്രോത്സാഹിപ്പിക്കുന്നത് ധാർമ്മികതയ്ക്ക് വിരുദ്ധമാണ്. അത് ഉപയോഗിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കും” – ദുര്‍മാര്‍ഗം തടയാനും സദാചാരം വളര്‍ത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ (Ministry for the Prevention of Vice and Propagation of Virtue) ഹെറാത്ത് വിഭാഗം മേധാവി അസീസ് അൽ-റഹ്മാൻ അൽ-മുഹാജിർ പറഞ്ഞു.
അധികാരം പിടിച്ചെടുത്തതിനുശേഷം സമാനമായ പല വിചിത്രനിയമങ്ങളും താലിബാന്‍ ഭരണകൂടം കൊണ്ടുവന്നിരുന്നു. മേക്കപ്പ് ചെയ്യുന്നത് തെറ്റാണെന്നു കാണിച്ച് കഴിഞ്ഞയാഴ്ചയാണ് രാജ്യത്തുടനീളം ആയിരക്കണക്കിന് ബ്യൂട്ടി സലൂണുകൾ അധികൃതർ അടച്ചുപൂട്ടിയത്. കൂടാതെ, നെക്ക് ടൈ നിരോധിക്കാനും നിര്‍ദേശമുണ്ട്.