അഫ്ഗാനിസ്ഥാനില്‍ താലിബാന് നേരെ ഭീകരാക്രമണം. താലിബാന്‍ പോലീസിന് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തു. താലിബാന്‍ എല്‍ ഫറൂഖ് കോപ്സിലെ പോലീസുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ താലിബാന്‍ അന്വേഷണം പ്രഖ്യാപിച്ചു.
വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന താലിബാന്‍ പോലീസിന് നേരെ മുഖം മറച്ചെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആളപായമില്ല. അതേസമയം പ്രത്യാക്രമണത്തിലൂടെ ഭീകരനെ വധിച്ചതായി പോലീസ് വക്താവ് മുഹമ്മദ് ഷാ റസൂല്‍ വ്യക്തമാക്കി.
എന്നാല്‍ ഭീകരരുടെ ആക്രമണത്തില്‍ രണ്ട് താലിബാന്‍ പോലീസുകാര്‍ കൊല്ലപ്പെട്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 20 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരരും താലിബാന്‍ പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പ്രദേശവാസിയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
കഴിഞ്ഞ ദിവസം നംഗര്‍ഹാറില്‍ സ്‌കൂളിന് നേരെ ഗ്രനേഡ് ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസുകാര്‍ ആക്രമിക്കപ്പെടുന്നത്.