Friday, March 13, 2026

“കുറച്ച് തല്ല് കിട്ടിയാൽ മരിക്കില്ലല്ലോ”: ഗാർഹികപീഡനത്തിന് ഇരയായ യുവതിക്ക് വിവാഹമോചനം നിഷേധിച്ച് പരിഹാസത്തോടെ താലിബാൻ കോടതി

ഭർത്താവിന്റെ ക്രൂരമായ മർദനത്തിന് ഇരയായ യുവതി നൽകിയ വിവാഹമോചന അപേക്ഷ പരി​ഗണിക്കവെ, “കുറച്ച് തല്ല് കിട്ടിയതുകൊണ്ട് നീ മരിക്കില്ലല്ലോ” എന്ന വിചിത്രമായ മറുപടി നൽകി, അപേക്ഷ തള്ളി താലിബാൻ കോടതി. ഭർത്താവിൽ നിന്ന് നേരിട്ട ക്രൂരമായ ശാരീരികപീഡനങ്ങളെത്തുടർന്ന് നീതി തേടി കോടതിയെ സമീപിച്ച യുവതിക്കാണ് ജഡ്ജിയിൽ നിന്ന് പരിഹാസവും ഭീഷണിയും ലഭിച്ചത്.

ജന്മനാ വലതുകാലിന് നേരിയ നീളക്കുറവുള്ള യുവതിയെ ഭർത്താവ് ‘അംഗവൈകല്യമുള്ളവൾ’ എന്ന് വിളിച്ച് ആക്ഷേപിക്കുകയും നിരന്തരം മർദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഒരുദിവസം സുഖമില്ലാതിരുന്നതു മൂലം ഭക്ഷണം പാകം ചെയ്യാതിരുന്ന യുവതിയെ, ജോലികഴിഞ്ഞ് മടങ്ങിയെത്തിയ ഭർത്താവ്, കാരണം അന്വേഷിക്കാതെ മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. കൈകളിലും മുതുകിലും ദിവസങ്ങളോളം ആ മർദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. പക്ഷേ, എന്നെങ്കിലുമൊരിക്കൽ ഈ പാടുകൾ കോടതിയിൽ തെളിവായി ഹാജരാക്കേണ്ടിവരുമെന്ന് അവൾ അന്ന് കരുതിയിരുന്നില്ല.

കേബിൾ വയർ ഉപയോഗിച്ചാണ് ഭർത്താവ് തന്നെ മർദിച്ചതെന്ന് യുവതി കോടതിയിൽ വ്യക്തമാക്കി. എന്നാൽ, യുവതിയുടെ പരാതി കേട്ട താലിബാൻ ജഡ്ജി പീഡനത്തെ നിസ്സാരവൽക്കരിക്കുകയാണ് ചെയ്തത്.

“ഇത്രയും ചെറിയ കാര്യത്തിനാണോ നീ വിവാഹമോചനം ആവശ്യപ്പെടുന്നത്? ഇതിനു പുറമെ മറ്റെന്തെങ്കിലും കാരണമുണ്ടോ?” എന്നായിരുന്നു ജഡ്ജിയുടെ ആദ്യചോദ്യം. താൻ നേരിട്ട കേബിൾ മർദനത്തെക്കുറിച്ചു പറഞ്ഞപ്പോൾ, അതിന് തെളിവുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം.

മർദനമേറ്റ പാടുകളുടെ ചിത്രങ്ങൾ കൈവശമില്ലാതിരുന്ന യുവതിയെ ജഡ്ജി അവിശ്വസിച്ചു. “യൗവനകാലത്ത് നീ ഭർത്താവിനൊപ്പം സുഖമായി കഴിഞ്ഞു. ഇപ്പോൾ അയാൾക്ക് വയസ്സായപ്പോൾ മറ്റൊരാളെ വിവാഹം കഴിക്കാൻ നീ ഓരോ ഒഴികഴിവുകൾ കണ്ടെത്തുകയാണ്” എന്ന ക്രൂരമായ ആരോപണമാണ് ജഡ്ജി യുവതിക്കുമേൽ ചുമത്തിയത്. “അൽപം ദേഷ്യപ്പെടുന്നതും കുറച്ച് തല്ല് കിട്ടുന്നതും നിന്നെ കൊന്നുകളയില്ല. ഭാര്യ അനുസരണക്കേട് കാണിച്ചാൽ അവളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി മർദിക്കാൻ ഇസ്ളാം, പുരുഷനെ അനുവദിക്കുന്നുണ്ട്” എന്ന് ജഡ്ജി വിധി പ്രസ്താവിക്കുകയായിരുന്നു.

താലിബാൻ കോടതിയിൽ നിന്നും വിവാഹമോചനം നിഷേധിക്കപ്പെട്ട യുവതി ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ തടവറയ്ക്കു സമാനമായ സാഹചര്യത്തിലാണ് കഴിയുന്നത്. കോടതിയിൽ പരാതിപ്പെട്ടത് ഭർത്താവിനെ കൂടുതൽ പ്രകോപിതനാക്കി. ഇനിയും പരാതി നൽകാൻ തുനിഞ്ഞാൽ കൊന്നുകളയുമെന്ന ഭർത്താവിന്റെ ഭീഷണിയിലാണ് യുവതി ഇപ്പോൾ കഴിയുന്നത്. സ്വന്തം വീട്ടിൽ പോകാനോ, ബന്ധുക്കളുമായി സംസാരിക്കാനോ ഭർത്താവ് ഇപ്പോൾ അവരെ അനുവദിക്കുന്നില്ല.

വടക്കൻ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഈ യുവതിയുടെ അനുഭവം അന്താരാഷ്ട്രതലത്തിൽ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ നീതിന്യായ വ്യവസ്ഥയിൽ സ്ത്രീകൾ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News