അഫ്ഗാൻ പെൺകുട്ടികൾക്കായി സ്കൂളുകൾ തുറക്കണമെന്ന് മുതിർന്ന നേതൃത്വത്തോട് ആവശ്യപ്പെട്ട് താലിബാന്റെ ആക്ടിംഗ് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി. 2021 ൽ യു. എസ്. സേന അഫ്ഗാനിസ്ഥാനിൽനിന്ന് പിൻവാങ്ങുന്നതിനുമുമ്പ് ദോഹയിലെ താലിബാന്റെ രാഷ്ട്രീയ ഓഫീസിൽ ചർച്ച നടത്തുന്ന സംഘത്തെ നയിച്ച ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായി, പെൺകുട്ടികൾക്കും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും മേലുള്ള നിയന്ത്രണങ്ങൾ ഇസ്ലാമിക ശരി-അത്ത് നിയമത്തിന് അനുസൃതമല്ലെന്ന് വാരാന്ത്യത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
“വിദ്യാഭ്യാസത്തിന്റെ വാതിലുകൾ തുറക്കാൻ ഇസ്ലാമിക് എമിറേറ്റിന്റെ നേതാക്കളോട് ഞങ്ങൾ അഭ്യർഥിക്കുന്നു. മുഹമ്മദ് നബി(സ)യുടെ കാലത്ത്, അറിവിന്റെ വാതിലുകൾ സ്ത്രീകൾക്കും പുരുഷന്മാർക്കും തുറന്നിരുന്നു” – അദ്ദേഹം പറഞ്ഞു. “ഇന്ന്, 40 ദശലക്ഷം ജനസംഖ്യയിൽ 20 ദശലക്ഷം ആളുകൾക്കെതിരെ അനീതി നടക്കുന്നു” – അഫ്ഗാനിസ്ഥാനിലെ സ്ത്രീജനസംഖ്യയെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ അടച്ചുപൂട്ടലിനെക്കുറിച്ച് സമീപ വർഷങ്ങളിലെ ഒരു താലിബാൻ ഉദ്യോഗസ്ഥന്റെ ഏറ്റവും ശക്തമായ പരസ്യ വിമർശനങ്ങളിലൊന്നാണ് ഈ അഭിപ്രായങ്ങൾ. ഇസ്ലാമിക നിയമത്തിന്റെയും അഫ്ഗാൻ സംസ്കാരത്തിന്റെയും വ്യാഖ്യാനത്തിന് അനുസൃതമായി സ്ത്രീകളുടെ അവകാശങ്ങളെ തങ്ങൾ മാനിക്കുന്നതായി താലിബാൻ പറഞ്ഞു. 2022 ൽ പെൺകുട്ടികൾക്കായി ഹൈസ്കൂളുകൾ തുറക്കുമെന്ന വാഗ്ദാനങ്ങൾ പാലിച്ചില്ല. അതിനുശേഷം സ്കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള ഒരു പദ്ധതിയിൽ തങ്ങൾ പ്രവർത്തിക്കുകയാണെന്ന് പറഞ്ഞെങ്കിലും സമയക്രമമൊന്നും നൽകിയിട്ടില്ല. 2022 അവസാനത്തോടെ അവർ പെൺകുട്ടികൾക്ക് സർവകലാശാലയിൽ പഠിക്കാനുള്ള അനുമതിയും നിഷേധിച്ചിരുന്നു.
ഈ നയങ്ങൾ ഇസ്ലാമിക പണ്ഡിതർ ഉൾപ്പെടെ അന്താരാഷ്ട്രതലത്തിൽ വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, സ്ത്രീകളോടുള്ള അവരുടെ നയങ്ങളിൽ മാറ്റം വരുന്നതുവരെ താലിബാനെ ഔപചാരികമായി അംഗീകരിക്കുന്നതിനുള്ള ഏതു പാതയും തടയുമെന്ന് പാശ്ചാത്യ നയതന്ത്രജ്ഞർ പറഞ്ഞു.