Thursday, January 23, 2025

‘സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം’: താലിബാന്‍ നേതാവ്

സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങളെ പിന്തുണച്ച് താലിബാന്റെ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി രംഗത്ത്. രാജ്യത്തെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അഫ്ഗാന്‍ സംസ്‌കാരത്തിലും ഇസ്ലാമിക മൂല്യങ്ങളിലും അധിഷ്ഠിതമായ അവകാശങ്ങള്‍ അവര്‍ക്ക് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഇസ്ലാമിക് എമിറേറ്റ് നേതാവ് മുല്ല അക്തര്‍ മുഹമ്മദ് മന്‍സൂറിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി നിലപാട് അറിയിച്ചത്. ‘അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയും സ്ത്രീകളാണ്. ഇവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു, ശരീഅത്തിന്റെ പാഠങ്ങള്‍ എവിടെ നിന്ന് പഠിക്കും?’ അദ്ദേഹം ചോദിച്ചു.

സാമ്പത്തിക വികസനത്തിനായുള്ള സര്‍ക്കാര്‍ ബജറ്റിനെയും മുഹമ്മദ് അബ്ബാസ് വിമര്‍ശിച്ചു. സാമ്പത്തിക വെല്ലുവിളികള്‍ കാരണം ആളുകള്‍ രാജ്യം വിടേണ്ടിവരുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമ്മേളനത്തില്‍ സംസാരിച്ച മറ്റൊരു താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് യാക്കൂബ് അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ഉപരോധത്തെ വിമര്‍ശിച്ചതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ആറാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്ന് വിലക്കാനുള്ള താലിബാന്റെ തീരുമാനം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Latest News