രാജ്യത്തെ സ്ത്രീകള്‍ പൊതുസ്ഥലത്ത് ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ഖ ധരിക്കാന്‍, അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവും താലിബാന്‍ മേധാവിയുമായ ഹിബത്തുള്ള അഖുന്ദ്സാദ ഉത്തരവിട്ടു.
ഒരു സ്ത്രീ വീടിന് പുറത്ത് മുഖം മറച്ച് നടന്നില്ലെങ്കില്‍ അവരുടെ പിതാവിനെയോ അടുത്ത പുരുഷ ബന്ധുവിനെയോ തടവിലാക്കുകയോ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പുറത്താക്കുകയോ ചെയ്യുമെന്നുള്ള ഗ്രൂപ്പിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയുടെ കല്‍പ്പന കാബൂളില്‍ ഒരു പത്രസമ്മേളനത്തില്‍ വായിച്ചു.
‘അവര്‍ ചാദോരി (തല മുതല്‍ കാല്‍ വരെ നീളുന്ന ബുര്‍ഖ) ധരിക്കണം, അത് പരമ്പരാഗതവും മാന്യവുമാണ്’. കാബൂളില്‍ നടന്ന ഒരു ചടങ്ങില്‍ താലിബാന്‍ അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഹിബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. 1996 മുതല്‍ 2001 വരെയുള്ള താലിബാന്റെ കടുത്ത ഭരണത്തിന്റെ ആഗോള പ്രതീകമായി മാറിയ നീല ബുര്‍ഖയാണ് ഏറ്റവും അനുയോജ്യമായി മുഖം മൂടുന്നതെന്നും സ്ത്രീകള്‍ക്ക് അനുയോജ്യമായതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
കടുത്ത ഇസ്ലാമിസ്റ്റുകളായ താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിനുശേഷം സ്ത്രീകളുടെ ജീവിതത്തിന്മേല്‍ ചുമത്തിയ ഏറ്റവും കഠിനമായ നിയന്ത്രണങ്ങളിലൊന്നാണിത്.