Monday, April 7, 2025

പെണ്‍കുട്ടികള്‍ വിദേശത്ത് പോയി പഠിക്കേണ്ട, ആണ്‍കുട്ടികള്‍ക്ക് മാത്രം അനുമതി

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നത് വിലക്കി താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉപരിപഠനത്തിനു വേണ്ടി കസാഖിസ്ഥാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് പോകാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്ന വിദ്യാര്‍ത്ഥികളില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അമേരിക്കന്‍ പട്ടാളം മടങ്ങിപ്പോയതിനു പിന്നാലെ അധികാരം പിടിച്ചെടുത്ത താലിബാന്‍ കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അടുത്തിടെയാണ് കാബൂളില്‍ സമരം ചെയ്ത സ്ത്രീകളെ താലിബാന്‍ അടിച്ചോടിച്ചത്. താലിബാന്‍ അധികാരം ഏറ്റെടുത്തതിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന് മുന്നോടിയായാണ് വനിതകള്‍ പ്രതിഷേധവുമായി തലസ്ഥാനത്തെത്തിയത്.

‘ഭക്ഷണം, ജോലി, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു അമ്പതോളം സ്ത്രീകള്‍ സമരവുമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫിസിന് മുന്നില്‍ എത്തിയത്.

എന്നാല്‍ നിഷ്ഠൂരമായാണ് താലിബാന്‍ പൊലീസ് സമരക്കാരെ നേരിട്ടത്. സ്ത്രീകളെ അടിച്ചോടിക്കുകയും തോക്കിന്റെ പാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് വാര്‍ത്താഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സമരക്കാരെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.

ഓഗസ്റ്റ് 15 കറുത്ത ദിനം- എന്നെഴുതിയ ബാനറുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. ജോലി ചെയ്യാനുള്ള അവകാശവും രാഷ്ട്രീയ പങ്കാളിത്തവും സ്ത്രീകള്‍ ആവശ്യപ്പെട്ടു. പലരും മുഖംമൂടാതെയാണ് എത്തിയത്.

പെണ്‍കുട്ടികളെ പിരിച്ചുവിടുകയും ബാനറുകള്‍ കീറുകയും നിരവധി പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്‌തെന്ന് സമരം നയിച്ച സോലിയ പാര്‍സി പറഞ്ഞു. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന ചില മാധ്യമപ്രവര്‍ത്തകരെയും താലിബാന്‍ മര്‍ദിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

Latest News