Friday, April 4, 2025

ഡ്രൈവിംഗ് സ്ത്രീകളുടെ ജോലിയല്ല, അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുത്; ഉത്തരവിറക്കി താലിബാന്‍

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന നിര്‍ദേശവുമായി താലിബാന്‍. സ്ത്രീകളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വിദൂര നഗരമായ ഹെറാത്തിലെ താലിബാന്‍ ഉദ്യോഗസ്ഥര്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് എല്ലാ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളോടും ഉത്തരവിട്ടു. അഫ്ഗാനിസ്ഥാനില്‍ മുമ്പ് പലതവണ സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനു പുറമേയാണിത്.

ഹെറാത്ത് നഗരത്തില്‍ വാഹനമോടിക്കുന്ന സ്ത്രീകളുടെ എണ്ണം നേരത്തെ തന്നെ കുറവായിരുന്നു. താലിബാന്‍ അധികാരമേറ്റതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ വാഹനമോടിച്ചിരുന്ന സ്ത്രീകളുടെ ഈ അവകാശവും അവരില്‍ നിന്ന് എടുത്തുകളയുകയാണ്.

‘ഞങ്ങള്‍ക്ക് ഇതിന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന് ഞങ്ങളോട് വാക്കാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.’ എന്നാണ് ഹെറാത്ത് പ്രവിശ്യയിലെ ട്രാഫിക് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനും ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറുമായ ജാന്‍ ആഗ പറയുന്നത് .

നമുക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ വരും തലമുറയ്ക്ക് ലഭിക്കരുതെന്നാണ് താലിബാന്‍ ആഗ്രഹിക്കുന്നത്. ഇതില്‍ നിന്നെല്ലാം സ്ത്രീകളെ ഒഴിവാക്കണം. അതുകൊണ്ടാണ് ഭാവിയില്‍ ഒരു സ്ത്രീക്കും ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന് ഞങ്ങളോട് പറഞ്ഞത്. അജ്ഞാതനായ ഒരു ടാക്സി ഡ്രൈവറുടെ പുറകില്‍ ഇരിക്കുന്നതിനുപകരം സ്വയം ഓടിക്കുന്നതിലാണ് സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് അഫ്ഗാനിസ്ഥാനില്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായി ജോലി ചെയ്യുന്ന അദീല പറഞ്ഞു.

1996 ലെ ഭരണം പോലെ ഇത്തവണ സ്ത്രീകളുടെ അവകാശങ്ങളെ ഞങ്ങള്‍ എതിര്‍ക്കില്ല. ഇസ്ലാമിന്റെ പരിധിയില്‍ നിന്നുകൊണ്ട് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരമൊരുക്കുമെന്നാണ് ഇക്കുറി താലിബാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഓരോ ദിവസവും താലിബാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുകയാണ്.

 

Latest News