Tuesday, November 26, 2024

ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാന്‍ താലിബാന്‍ ചൈനയില്‍നിന്ന് അത്യാധുനിക ഡ്രോണ്‍ വാങ്ങുന്നു

രാജ്യത്ത് സാമ്പത്തികപ്രതിസന്ധി രൂക്ഷമാവുകയും ജനങ്ങള്‍ ദാരിദ്ര്യത്തില്‍ വലയുകയും ചെയ്യുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ ചൈനയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് വിവാദമാകുന്നു. കഠിനമായ ശൈത്യകാലത്ത് ആളുകള്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോഴാണ് താലിബാന്‍ ഭരണകൂടം ആയുധം വാങ്ങാനായി വന്‍ തുക ചെലവിടുന്നത്.

ANI റിപ്പോര്‍ട്ട് അനുസരിച്ച്, അഫ്ഗാന്‍ ജനതയ്ക്ക് മാനുഷിക സഹായമായി അമേരിക്ക നല്‍കിയ ഫണ്ട് ഉപയോഗിച്ചാണ് താലിബാന്‍ ചൈനയില്‍നിന്ന് ഡ്രോണുകള്‍ വാങ്ങുന്നത്. വിദ്യാഭ്യാസത്തിന് സബ്സിഡി നല്‍കുന്നതിനോ അഫ്ഗാനിസ്ഥാന്റെ വികസനത്തിനോ പണം ഉപയോഗിക്കുന്നതിനോപകരം, താലിബാന്‍ ചൈനയില്‍ നിന്ന് ബ്ലോഫിഷ് ഡ്രോണുകള്‍ വാങ്ങാനാണ് നീക്കം നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിനായാണ് ഡ്രോണ്‍ വാങ്ങുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.

ഐഎസിനെതിരെ ഉപയോഗിക്കാന്‍ വാങ്ങുന്ന ഡ്രോണ്‍ അല്‍-ഖ്വയ്ദയുടെ കൈവശമെത്തുമോയെന്നാണ് അമേരിക്ക സംശയം പ്രകടിപ്പിക്കുന്നത്.

അടുത്തിടെ കാബൂളിലെ ചൈനീസ് പൗരന്മാര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് ചൈന താലിബാന് ആധുനിക ആയുധങ്ങള്‍ നല്‍കുന്നതെന്ന് ‘ദി ട്രബിള്‍ഡ് ട്രയാംഗിള്‍: യുഎസ്-പാകിസ്ഥാന്‍’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് സഫര്‍ ഇഖ്ബാല്‍ യൂസഫ്സായി പറയുന്നു.

2021-ല്‍ അഫ്ഗാനിസ്ഥാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷമുള്ള താലിബാന്റെ ആദ്യത്തെ പ്രധാന ഊര്‍ജ്ജ നിക്ഷേപ കരാറാണിത്.

Latest News