Friday, February 21, 2025

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിക്കും

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കാൻ ഇരുനേതാക്കളും സമ്മതിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ‘ദീർഘവും വളരെ ഫലപ്രദവുമായ’ ഫോൺസംഭാഷണം നടത്തിയതായി അദ്ദേഹം പറഞ്ഞു. അതിനുശേഷമാണ് സമാധാനചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് ട്രംപ് പറഞ്ഞത്.

“പരിഹാസ്യമായ യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണിത്. അവിടെ വൻതോതിലുള്ളതും തീർത്തും അനാവശ്യവുമായ മരണവും നാശവും നടന്നിട്ടുണ്ട്. റഷ്യയിലെയും യുക്രൈനിലെയും ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ” എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി. പുടിനുമായുള്ള മുഖാമുഖ കൂടിക്കാഴ്ചയ്ക്ക് തീയതി നിശ്ചയിച്ചിട്ടില്ല എങ്കിലും സൗദി അറേബ്യയിലാണ് കൂടിക്കാഴ്‌ച നടക്കുക എന്നും അദ്ദേഹം പറഞ്ഞു.

ഒരുമിച്ചു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന ട്രംപിന്റെ ആശയത്തെ പുടിൻ പിന്തുണയ്ക്കുന്നുവെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പുടിനും ട്രംപും തമ്മിലുള്ള ഫോൺസംഭാഷണം ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്നു. ഈ സമയത്ത് റഷ്യൻ പ്രസിഡന്റ് മോസ്കോ സന്ദർശിക്കാൻ ക്ഷണം നൽകിയതായും പെസ്കോവ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News