Monday, March 10, 2025

യു എസുമായുള്ള ചർച്ചകൾ കേന്ദ്രീകരിക്കുന്നത് ​ഗാസയിലുള്ള അമേരിക്കൻ ബന്ദിയെ മോചിപ്പിക്കുന്നതിന്: ഹമാസ് ​

യു എസുമായുള്ള ചർച്ചകൾ നടക്കുന്നത് ​ഗാസയിൽ തീവ്രവാദ ​ഗ്രൂപ്പിന്റെ പിടിയിലായ അമേരിക്കൻ-ഇസ്രയേൽ ഇരട്ടപൗരത്വമുള്ള വ്യക്തിയുടെ
മോചനത്തെക്കുറിച്ചാണെന്ന് മുതിർന്ന ഹമാസ് ഉദ്യോ​ഗസ്ഥൻ താഹിർ അൽ- നോനോ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഖത്തർ ആസ്ഥാനത്ത് ഇതു സംബന്ധിച്ചുള്ള ചർച്ചകൾ നടന്നതായി നോനോ സ്ഥിരീകരിച്ചു. ഇരട്ടപൗരത്വ തടവുകാരിൽ ഒരാളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് ശ്രദ്ധ കേന്ദ്രീകരിച്ച് ദോഹയിൽ നിരവധി മീറ്റിം​ഗുകൾ ഇതിനകം നടന്നിട്ടുണ്ടെന്നും നോനോ പറയുന്നു.

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഘട്ടം ഘട്ടമായുള്ള കരാർ എങ്ങനെ നടപ്പാക്കാമെന്ന് ഇരുപക്ഷവും ചർച്ച ചെയ്തതായും നോനോ കൂട്ടിച്ചേർത്തു. ഇത്തരം ചർച്ചകൾക്കിടയിൽ തടവുകാരെ മോചിപ്പിക്കുന്നതിനെ എതിർക്കുന്നില്ലെന്ന് അമേരിക്കൻ പ്രതിനിധിസംഘത്തെ അറിയിച്ചതായും നോനോ വ്യക്തമാക്കി. അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽതന്നെ ബന്ദികളായവർക്ക് വീട്ടിലേക്ക് എത്താനുള്ള അവസരം ഒരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

42 ദിവസത്തെ വെടിനിർത്തൽ കരാർ നീട്ടുന്നതിനുള്ള ചർച്ചകളുമായി മധ്യസ്ഥർ മുന്നോട്ടുവരുന്നതിനാൽതന്നെ ഇസ്രയേലും ഹമാസും ശനിയാഴ്ചയോടെ ചർച്ചകൾക്കു തയ്യാറെടുക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. രണ്ടുദിവസം മുൻപ് ഹമാസ് പ്രതിനിധിസംഘം ഈജിപ്ഷ്യൻ മധ്യസ്ഥരുമായി വെടിനിർത്തലിനുള്ള അടുത്ത ഘട്ട ചർച്ചകൾക്കു തയ്യാറാണെന്ന് അറിയിച്ചിരുന്നു. തിങ്കളാഴ്ച ദോഹയിൽ ചർച്ചകൾക്കായി ആളെ അയയ്ക്കുമെന്ന് ഇസ്രയേലും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News