Monday, November 25, 2024

മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കണം: സുപ്രീം കോടതിയിൽ അനുമതിക്കായി തമിഴ്‌നാട് സർക്കാർ

മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ അനുമതി തേടി തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. മുല്ലപ്പെരിയാറിലെ ബേബി അണക്കെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാനുള്ള അനുമതി പുനഃസ്ഥാപിക്കാൻ കേരളത്തിന് നിർദേശം നൽകണമെന്ന് ആവശ്യപെട്ടാണ് തമിഴ്‌നാട് സർക്കാർ കോടതിയെ സമീപിച്ചത്.

അണക്കെട്ട്‌ ബലപ്പെടുത്തുന്ന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കേരളത്തോട് നിർദേശിക്കണമെന്നും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ അഞ്ചിന് മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് പതിനഞ്ച് മരങ്ങൾ മുറിക്കാൻ കേരളം തമിഴ്‌നാടിന് അനുമതി നൽകിയിരുന്നു. എന്നാൽ ഈ അനുമതി ഏകപക്ഷീയമായി ആറ് ദിവസങ്ങൾക്ക് ശേഷം കേരളം പിൻവലിച്ചു എന്നാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്.

പിൻവലിച്ച അപേക്ഷ പുനഃസ്ഥാപിക്കാൻ കേരളത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ കൂടുതൽ ബോട്ടുകൾക്ക് പെരിയാർ തടാകത്തിൽ സർവീസ് നടത്താൻ അനുമതി നൽകണമെന്നതാണ് അപേക്ഷയിലെ മറ്റൊരു ആവശ്യം.

Latest News