മലപ്പുറം താനൂരിനുസമീപം തൂവൽതീരത്ത് വിനോദസഞ്ചാരബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളും ആണ്. നിലവിൽ പത്തോളം ആളുകൾ ചികിത്സയിൽ ആശുപത്രിയിൽ കഴിയുകയാണ്. പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപകടം.
നാല്പതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. തിരൂർ ജില്ലാ ആശുപത്രി, താനൂർ ദയാ ആശുപത്രി, ടി.എച്ച്.ക്യു. ആശുപത്രി തിരൂരങ്ങാടി എന്നിവിടങ്ങളിലായി മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. തൂവൽതീരത്ത് ടൂറിസം സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ബോട്ട് സർവീസാണ് നാടിന്റെ കണ്ണീരായി മാറിയത്. കെട്ട് അഴി എന്ന ഭാഗത്താണ് അപകടം നടന്നത്.
അവധിദിനമായതിനാൽ സഞ്ചാരികളുടെ തിരക്ക് തൂവൽതീരത്ത് കൂടുതലായിരുന്നു. അവസാനത്തെ സർവീസാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഇരുട്ടുനിറഞ്ഞ സമയത്ത് സർവീസ് നടത്തിയതാണ് അപകടത്തിനു പ്രധാന കാരണം. അവസാന സർവീസായതിനാൽ കൂടുതൽപേരെ കയറ്റിയിട്ടുണ്ടെന്നാണ് വിവരം. ഒപ്പം കൂടുതൽ ആളുകളും ലൈഫ് ജാക്കറ്റ് ഉപയോഗിക്കാഞ്ഞതും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചു.