മലപ്പുറം താനൂരിൽ വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരണമടഞ്ഞവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു കേരള സർക്കാർ. ചികിത്സയിലുള്ളവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബോട്ട് അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നത് എന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ജുഡീഷ്യൽ അന്വേഷണം നടത്തുന്ന സംഘത്തിൽ സാങ്കേതിക വിദഗ്ധരും ഉണ്ടാകും എന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. തിരൂരിൽ എത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അതിനു ശേഷം താനൂരിൽ അവലോകന യോഗം ചേർന്നു. ഇതേ തുടർന്നാണ് ധനസഹായം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിച്ചത്.
എട്ട് മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. മൃതദേഹങ്ങൾ പരപ്പനങ്ങാടിയിൽ പൊതുദർശനത്തിനുവച്ചു. ഇതിനുശേഷമാകും സംസ്കാരചടങ്ങുകൾ.