ടോപ്പ് എംപ്ലോയേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളുടെ പട്ടികയില്‍ (ഗ്ലോബല്‍ ടോപ്പ് എംപ്ലോയര്‍ ലിസ്റ്റ്) ഒന്നാമതായി ഒരു ഇന്ത്യന്‍ കമ്പനി. ഒന്നു രണ്ടുമല്ല, തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് ഈ കമ്പനി ആഗോളതലത്തില്‍ ഏറ്റവും വലിയ തൊഴില്‍ദാതാവ് എന്ന സ്ഥാനം ബാഗിലാക്കുന്നത്. ഇന്ത്യയുടെ സ്വന്തം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനാണ് ഈ അപൂര്‍വ നേട്ടം. യൂറോപ്പ്, യുകെ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക, ലാറ്റിന്‍ അമേരിക്ക, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവയുള്‍പ്പെടെ 32 രാജ്യങ്ങളിലും പ്രദേശങ്ങളിലും ടിസിഎസിനെ മികച്ച തൊഴില്‍ദാതാവായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ആഗോള അംഗീകാരം തേടിയെത്തിയിരിക്കുന്നത്.
ഇന്ത്യ അടക്കം 55 ലോകരാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്ന ടി സി എസ്. തങ്ങളുടെ ജീവനക്കാരുടെ കഴിവും വികസന പ്രവര്‍ത്തനങ്ങളും കൊണ്ടാണ് തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും ഗ്ലോബല്‍ എംപ്ലോയര്‍ ലിസ്റ്റില്‍ ഒന്നാമത് എത്താന്‍ കഴിഞ്ഞതെന്ന് ടി സി എസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 153 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ 55 രാജ്യങ്ങളിലായി (2023 ഡിസംബര്‍ 31 വരെ) 6,03,305 ജീവനക്കാരാണ് ടിസിഎസിനുള്ളത്. ആകെ ജീവനക്കാരില്‍ 35.7 ശതമാനം സ്ത്രീകള്‍ ആണെന്നുള്ളതാണ് ടിസിഎസിന്റെ മറ്റൊരു പ്രത്യേകത. തൊഴിലാളി കേന്ദ്രീകൃത പ്രവര്‍ത്തനമാണ് ടിസിഎസിന്റേതെന്നും വൈവിധ്യമായ തൊഴിലാളി നിയമനമാണ് നടത്തുന്നതെന്നും ടിസിഎസ് കുറിപ്പില്‍ പറഞ്ഞു
തൊഴിലുടമയും ജീവനക്കാരും മികച്ച പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്നത് മികച്ച ഫലം നല്‍കുമെന്നതിന്റെ തെളിവാണ് തുടര്‍ച്ചയായി ഒമ്പതാം തവണയും ഗ്ലോബല്‍ ടോപ്പ് എംപ്ലോയര്‍ ആയി കമ്പനി തിരഞ്ഞെടുക്കപ്പെട്ടതിന്റെ കാരണം എന്ന് ടോപ്പ് എംപ്ലോയേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവിഡ് പ്ലിംഗ് പറഞ്ഞു.