ചായ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ശാസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ തീയേറ്ററിൽ നിന്നും ഡോക്ടർ ഇറങ്ങിപ്പോയതായി പരാതി. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മൗദ ഏരിയയിലെ സർക്കാർ ആശുപത്രിയിൽ വന്ധ്യംകരണ (വാസക്‌ടോമി) ശസ്ത്രക്രിയയ്ക്കിടയിലാണ്, ചായ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർ ഇറങ്ങിപ്പോയത്.
വാസക്‌ടോമിക്ക് ശസ്ത്രക്രിയയ്ക്ക് എട്ട് സ്ത്രീകളായിരുന്നു ഇന്ന് വിധേയരായത്. ഇതിൽ നാലു സ്ത്രീകളുടെ ശസ്ത്രക്രിയയ്ക്കു ശേഷം ഡോക്ടർ ഭലവി ആശുപത്രിജീവനക്കാരോട് ഒരു കപ്പ് ചായ ആവശ്യപ്പെട്ടെങ്കിലും അത് ലഭിക്കാൻ വൈകുകയായിരുന്നു. ഇതേ തുടർന്ന് ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഡോക്ടർ ഇറങ്ങിപ്പോകുകയായിരുന്നെന്നാണ് പരാതി.
സംഭവം നടക്കുമ്പോൾ, ശസ്ത്രക്രിയയ്ക്കു മുമ്പ് അനസ്‌തേഷ്യ നൽകിയതിനാൽ മറ്റ് നാല് സ്ത്രീകൾ മയക്കത്തിലായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
വിവരമറിഞ്ഞയുടൻ, സ്ത്രീകളുടെ കുടുംബാംഗങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറെ ബന്ധപ്പെടുകയും അശ്രദ്ധയെക്കുറിച്ച് അറിയിക്കുകയും ചെയ്തു. ഇതിനെതുടർന്ന് ആശുപത്രി അധികൃതർ മറ്റൊരു ഡോക്ടറെ വിളിച്ചുവരുത്തി ശസ്ത്രക്രിയ പുനഃരാരംഭിച്ചു.