Monday, November 25, 2024

എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് ലേലത്തിന്; വില ഒന്‍പതര ലക്ഷം രൂപ

എലിസബത്ത് രാജ്ഞി മരിച്ചതോടെ അവരുടെ മെഴുകു പ്രതിമയും ബാര്‍ബി ഡോളുകളുമെല്ലാം ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്പനയ്‌ക്കെത്തിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് ഒരു ടീ ബാഗാണ്. രണ്ടര പതിറ്റാണ്ട് മുന്‍പ് എലിസബത്ത് രാജ്ഞി ഉപയോഗിച്ചതെന്ന അവകാശവാദവുമായാണ് ടീ ബാഗ് ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പ്പനയ്‌ക്കെത്തിയത്.

1998 ല്‍ എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് എന്ന ടാഗോടെയാണ് വില്പന. ഇതിന്റെ പഴക്കം രണ്ടര പതിറ്റാണ്ട് ആണെങ്കിലും ഈ ടീ ബാഗിന്റെ വില ഒന്‍പതര ലക്ഷം രൂപയാണ്. ഇതിന്റെ ആധികാരികതയില്‍ സംശയമുള്ളവര്‍ക്ക് വിശദീകരണവും നല്‍കുന്നുണ്ട്. പ്രാണി ശല്യം ഒഴിവാക്കുന്നതിനായി കൊട്ടാരത്തില്‍ എത്തിയ വിദഗ്ധനാണ് കൊട്ടാരത്തില്‍ നിന്ന് ടീ ബാഗ് കടത്തിയത് എന്നാണ് പറയുന്നത്.

ഇതില്‍ സംശയമുള്ളവര്‍ക്ക് തെളിവിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സലന്‍സ് ഇന്‍ സര്‍ട്ടിഫിക്കറ്റ് ഒതന്റിസിറ്റിയുടെ പക്കല്‍നിന്നും ബാഗിന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ സ്വദേശിയായ വില്പനക്കാരന്‍ പറയുന്നു. പക്ഷെ ഇതിനു പിറകെ തന്നെ പരസ്യം കഴിഞ്ഞദിവസം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

എലിസബത്ത് രാജ്ഞിയുടേതെന്ന് പറയപ്പെടുന്ന നിരവധി വസ്തുക്കളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്പനയ്ക്കെത്തുന്നത്. 5000 രൂപ മുതല്‍ അരക്കോടിക്കടുത്ത് വിലയുള്ളവ വരെ ഇതില്‍ ഉള്‍പെടുന്നുണ്ട്.

 

Latest News