Thursday, April 3, 2025

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 80 കോടി കടക്കുമെന്ന് റിപ്പോര്‍ട്ട്

2029 ന്റെ അവസാനത്തോടെ ഇന്ത്യയിലെ 5ജി മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 84 കോടിയാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആകെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ 65 ശതമാനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ എറിക്സണ്‍ മൊബിലിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് പുതിയ കണക്കുകള്‍. കമ്പനി ബുധനാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2029 ഓടെ ഇന്ത്യയിലെ ആകെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 130 കോടിയായി വര്‍ധിക്കും.

കൂടാതെ 2029ന്റെ അവസാനത്തോടെ ആഗോള തലത്തില്‍ 5ജി ഉപയോക്താക്കളുടെ എണ്ണം 560 കോടിയില്‍ എത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ വലിയ തോതില്‍ മിഡ്-ബാന്‍ഡ് സേവനങ്ങള്‍ അവതരിപ്പിച്ചതിനാല്‍ 2023 അവസാനത്തോടെ ആകെ ജനസംഖ്യയുടെ 90 ശതമാനം പേരിലേക്ക് സേവനങ്ങള്‍ എത്തിക്കാന്‍ സാധിച്ചതായും 2023 ന്റെ അവസാനത്തോടെ 5ജി ഉപഭോക്താക്കളുടെ എണ്ണം 12 കോടിയ്ക്ക് അടുത്ത് എത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും ഒപ്പം ഫിക്സഡ് വയര്‍ലെസ് ആക്സസുമാണ് കൂടുതല്‍ സേവന ദാതാക്കളെ 5ജിയിലേക്ക് അടുപ്പിക്കുന്നതെന്ന് എറിക്സണിലെ എക്സിക്യൂട്ടീവ് വിപിയും നെറ്റ്വര്‍ക്ക് മേധാവിയുമായ ഫ്രെഡ്രിക് ജെജ്ഡ്ലിംഗ് പറഞ്ഞു. ടെലികോം സേവനങ്ങള്‍ക്കായുള്ള 96,238.45 കോടി രൂപയുടെ 5ജി സ്പെക്ട്രത്തിന്റെ ലേലം സര്‍ക്കാര്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വിവിധ ബാന്‍ഡുകളിലായി 10,522.35 മെഗാഹെര്‍ട്സാണ് ആകെ ലേലം ചെയ്യപ്പെടുന്നത്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ ഇന്‍ഫോകോം എന്നിവരുടെ പങ്കാളിത്തത്തിലാണ് ലേലം നടക്കുന്നത്.

 

 

Latest News