ആമസോൺ, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ ടെക് ഭീമന്മാർക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും തങ്ങളുടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാനൊരുങ്ങുന്നു. കമ്പനിയുടെ ആഗോള റിക്രൂട്ട്മെന്റ് ടീമിൽ നിന്നാണ് ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കമ്പനി പുതിയ നിയമനങ്ങള്‍ കുറയ്ക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
കാലിഫോർണിയ ആസ്ഥാനമായുള്ള ആൽഫബെറ്റ് ജനുവരിയിൽ മാത്രം ഏകദേശം 12,000 തൊഴിലവസരങ്ങൾ വെട്ടികുറച്ചിരുന്നു. എന്നാൽ നിലവിലെ തീരുമാനം വ്യാപകമായ കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമല്ലെന്നാണ് കമ്പനിയുടെ വിശദീകരണം. നിർണായക തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് തുടരുന്നതിനായി നല്ലൊരു ഭാഗം ജീവനക്കാരെയും നിലനിര്‍ത്തിയിട്ടുണ്ടെന്നും ആല്‍ഫബറ്റ് വ്യക്തമാക്കി. അതുകൊണ്ട്, മുഴുവൻ ടീമിനെയും പിരിച്ചുവിടൽ ബാധിച്ചിക്കില്ലെന്നാണ് വിലയിരുത്തൽ. കമ്പനിക്കകത്തും മറ്റിടങ്ങളിലും ജോലി തേടാനും കമ്പനി തൊഴിലാളികളെ സഹായിക്കും.