കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും പ്രതിനിധി സംഘത്തിന്റെയും ഇന്ത്യയില്‍ നിന്നുള്ള മടക്കയാത്ര ഇനിയും വൈകും. ജി20യുടെ സമാപന ദിവസം കാനഡയിലേക്ക് പുറപ്പെടാൻ ഇരിക്കവെ വിമാനത്തിൽ സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു. തുടർന്ന് ട്രൂഡോയെ കൊണ്ടുപോകാൻ മറ്റൊരു വിമാനം എത്തിയ്ക്കാൻ ശ്രമിച്ചെങ്കിലും അതിനും സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് ലണ്ടനിലേക്ക് വഴിതിരിച്ചുവിട്ടതായി സിബിസി വാർത്ത റിപ്പോർട്ട് ചെയ്തു.
വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള യന്ത്രഭാഗവും വിദഗ്ദ്ധരടങ്ങുന്ന സംഘത്തേയും ഇന്ത്യയിലേക്ക് അയച്ചതായി കാനഡ അധികൃതര്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രതിനിധി സംഘത്തെ പകരം അയക്കുന്ന വിമാനത്തിലാകും തിരിച്ചുകൊണ്ടുവരികയെന്നും അധികൃതര്‍ വ്യക്തമാക്കി. ജി20 ഉച്ചകോടിക്കായി സെപ്തംബർ എട്ടിന് മകൻ സേവ്യറിനൊപ്പമാണ് ട്രൂഡോ ഡൽഹിയിലെത്തിയത്.