Monday, November 25, 2024

കൗമാരക്കാര്‍ വീടുകളിലേക്ക് ഒതുങ്ങുന്നു; അടിയന്തര നടപടിയുമായി ദക്ഷിണ കൊറിയ

കൗമാരക്കാര്‍ വീടുകളില്‍ ഒതുങ്ങി കൂടുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ദക്ഷിണ കൊറിയ. ഇതിനായി ആറര ലക്ഷം വോന്‍ ചെലവിടാനാണ് ദക്ഷിണ കൊറിയ പദ്ധതിയിടുന്നത്. രാജ്യത്തെ ലിംഗസമത്വ-കുടുംബ മന്ത്രാലയമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കോവിഡിനെ തുടര്‍ന്ന് 9 നും 24നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ വീടുകളിലേക്ക് ഒതുങ്ങിയതായാണ് സര്‍ക്കാരിനു മുന്നിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. തൊഴില്‍ മേഖലയിലേക്ക് എത്തുന്ന യുവാക്കളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് രാജ്യത്തിന്‍റെ സുസ്ഥിരമായ ഭാവിക്കു ഭീഷണിയാകുമെന്നാണ് ഭരണകൂടത്തിന്‍റെ ആശങ്ക. എന്നാല്‍ പുതിയ നീക്കത്തിലൂടെ വീടുകളിലേക്കു ഉള്‍വലിയുന്നവരെ വിദ്യാലയങ്ങളിലേക്കോ, ജോലിയിലേക്കോ എത്തിക്കാന്‍ കഴിയുമെന്നാണ് ദക്ഷിണ കൊറിയന്‍ ഭരണകൂടത്തിന്‍റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ നവംബറില്‍ സമാനമായി ജനനനിരക്ക് ഉയര്‍ത്തുന്നതിനുുള്ള ബോധവത്കരണത്തിനും മറ്റുമായി വന്‍ തുക ചെലവിട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ആറര ലക്ഷം വോന്‍ കൗമാരക്കാര്‍ക്കായി ഭരണകൂടം ചിലവിടുന്നത്. ജനസംഖ്യയില്‍ വയോജനങ്ങള്‍ ഏറെയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ദക്ഷിണ കൊറിയ മുന്നിലാണ്. ഇത് കൂടാതെ രാജ്യത്തു കുട്ടികളുടെ ജനസംഖ്യാപ്രാതിനിധ്യം കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിയില്‍ ഭരണകൂടം പ്രതീക്ഷ അര്‍പ്പിക്കുന്നത്.

Latest News