കാൻസർ ചികിത്സയിൽ വഴിത്തിരിവായേക്കാവുന്ന പുതിയ ഉപകരണം കണ്ടെത്തി ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ. കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്നതിന് ഉത്തരവാദിയായ ജീനായ PTEN ന്റെ പ്രവർത്തനം നേരിട്ട് അളക്കാൻ പ്രാപ്തമാക്കുന്ന ഉപകരണമാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വിവിധ അർബുദങ്ങളുടെയും വൈകല്യങ്ങളുടെയും ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ പുതിയ കണ്ടെത്തൽ സഹായിച്ചേക്കും. നിലവിൽ എലികളുടെ തലച്ചോറിലാണ് ഈ ഉപകരണം വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്.
ഓട്ടിസം, അപസ്മാരം, കാൻസർ എന്നിവയുൾപ്പെടെ നിരവധി അവസ്ഥകളുമായി PTEN മ്യൂട്ടേഷനുകൾ ബന്ധപ്പെട്ടിരിക്കുന്നു. സാധാരണ മസ്തിഷ്ക വികസനത്തിലും രോഗാവസ്ഥയിലും PTEN ന്റെ പങ്കിനെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നേടാൻ പുതിയ ഉപകരണം ശാസ്ത്രജ്ഞരെ പ്രാപ്തരാക്കും. ഇത് വ്യക്തിപരമാക്കിയ ചികിത്സാരീതികളുടെ വികാസത്തിലേക്കും രോഗം നേരത്തേ കണ്ടെത്തുന്നതിലേക്കും നയിച്ചേക്കാം.