ഉപഭോക്താക്കള്‍ക്ക് ബള്‍ക്ക് മെസ്സേജുകള്‍ അയച്ച ചൈനീസ് നിര്‍മിത നൂറ്റി ഇരുപതോളം ഹെഡറുകള്‍ ബ്ലോക്ക് ചെയ്ത് ടെലികോം അധികൃതര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തിനിടെ ഇത്രയും ഹെഡറുകള്‍ തടഞ്ഞത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) നടത്തിയ അന്വേഷണത്തിലാണ് ഹെഡറുകള്‍ ചൈനയില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞത്.
സന്ദേശമയയ്ക്കുന്നയാളുടെ ബ്രാന്‍ഡിനെയോ കമ്പനിയുടെ പേരിനെയോ പ്രതിനിധീകരിക്കുന്ന രീതിയില്‍ പ്രതീകങ്ങളെയോ അക്കങ്ങളെയോ പ്രത്യേകരീതിയില്‍ സജീകരിക്കുന്നതിനെയാണ് സെന്‍ഡര്‍ ഐഡി അല്ലെങ്കില്‍ ഹെഡര്‍ എന്ന് പറയുന്നത്. ഉപഭോക്താക്കള്‍ക്കും ബള്‍ക്ക് ടെസ്റ്റുകള്‍ (എസ്എംഎസ്) അയക്കാന്‍ ബാങ്കുകളും മാര്‍ക്കറ്റിങ് കമ്പനികളും യൂട്ടിലിറ്റി ദാതാക്കളും സര്‍ക്കാര്‍ ഓഫീസുകളും ഹെഡര്‍ ഉപയോഗിക്കാറുണ്ട്. സര്‍ക്കാരിന്റെയും പ്രമുഖ ബ്രാന്‍ഡുകളുടെയും ഹെഡറുകള്‍ ഉപയോഗിച്ച് വലിയ രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ട്.
മൂന്ന് വര്‍ഷത്തോളമായി തട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും അടുത്തിടെയാണ് മന്ത്രാലയത്തിന് പ്രശ്നത്തെ സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചത്. ബ്ലോക്ക് ചെയ്ത എല്ലാ ഹെഡറുകളുടെയും ഐപി വിലാസങ്ങള്‍ ചൈനയുടേതാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.