പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കു രാജ്യത്തു പ്രവേശിക്കാന്‍ താത്കാലിക പെര്‍മിറ്റ് നല്‍കുമെന്നു യുഎഇ ഭരണകൂടത്തിന്‍റെ പ്രഖ്യാപനം. രണ്ടുമാസത്തേക്കുള്ള താത്കാലിക പെര്‍മിറ്റാണ് ഭരണകൂടം നല്‍കുന്നത്. എന്നാല്‍ അപേക്ഷകര്‍ക്ക് യുഎഇ -യില്‍ താമസ വിസ ഉണ്ടാകണമെന്നതാണ് ഇതിനായുള്ള മാനദണ്ഡം.
താമസ വിസയുള്ളവരുടെ പാസ്പോര്‍ട്ട് നഷ്ടമായി രാജ്യത്തു പ്രവേശിക്കാന്‍ സാധിക്കാതെ വന്നാല്‍ പുതിയ നയം സഹായകമാകുമെന്നാണ് ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. ഇതിനായി പാസ്പോര്‍ട്ട് നഷ്ടമായവര്‍ ഫെഡറല്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി എന്നീ വെബ്‌സൈറ്റുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിദേശത്തു വച്ചാണ് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതെങ്കില്‍ ആ രാജ്യത്തെ യുഎഇ എംബസി സാക്ഷ്യപ്പെടുത്തിയ പോലീസ് റിപ്പോര്‍ട്ടാണ് നല്‍കേണ്ടത്.
യുഎഇ -യില്‍ വച്ചു തന്നെ നഷ്ടമായാല്‍ പോലീസില്‍ അറിയിച്ചു കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടാല്‍ താത്കാലിക പെര്‍മിറ്റ് ലഭിക്കും.