തിരുവനന്തപുരത്ത് നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങള്‍ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് പ്രഖ്യാപനം. വര്‍ക്കല, ആറ്റിങ്ങല്‍, മംഗലപുരം, വെഞ്ഞാറമൂട് , നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശ്ശാല സ്റ്റേഷന്‍ പരിധികളില്‍ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം. ഇവിടങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. വേദി, പരിസരപ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികള്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ പാടില്ലെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണം.
നവകേരള സദസ്സ് ഇന്ന് അവസാന ജില്ലയായ തിരുവനന്തപുരത്ത് പ്രവേശിക്കും. വൈകിട്ട് ആറിന് വര്‍ക്കല മണ്ഡലത്തിലാണ് ആദ്യ പരിപാടി. ശിവഗിരി മഠം ഓഡിറ്റോറിയമാണ് വേദി. 122 മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് നവ കേരള സദസ് തലസ്ഥാനത്തേക്ക് എത്തുന്നത്. നാളെ ആറ്റിങ്ങല്‍, ചിറയന്‍കീഴ്,വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളുടെ നവകേരള സദസാണ് നടക്കുക. 22 ന് കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിന്‍കര, പാറശ്ശാല, മണ്ഡലങ്ങളിലും നവ കേരള സദസ് നടക്കും. സമാപന ദിവസമായ 23 നാണു നേമം, കോവളം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ നവകേരള സദസ്. മറ്റ് ജില്ലകളിലേതിന് സമാനമായി തിരുവനന്തപുരത്തും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ അരങ്ങേറാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
കൊല്ലം ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന നവകേരള സദസ് ഇന്ന് അവസാനിക്കും. ഇന്നലെ അപ്രതീക്ഷിതമായി ഉണ്ടായ ഡിവൈഎഫ്‌ഐ- യുത്ത്‌കോണ്‍ഗ്രസ് സംഘര്‍ഷത്തെ തുടര്‍ന്ന് വന്‍ സുരക്ഷ ആണ് നവകേരള സദസ് നടക്കുന്നിടത്തും വഴിയിലും ഒരുക്കിയിരിക്കുന്നത്.