Wednesday, May 14, 2025

മാർപാപ്പ ആകുന്നതിനുമുൻപ് ലെയോ പതിനാലാമൻ പാപ്പ സന്ദർശിച്ച പത്തു രാജ്യങ്ങൾ

2001 നും 2013 നുമിടയിൽ ലെയോ പതിനാലാമൻ പാപ്പ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ പ്രിയോർ ജനറലായും 2019 മുതൽ റോമൻ കൂരിയയിലെ അംഗമായും സേവനമനുഷ്ഠിച്ചു. ഈ അവസരത്തിൽ തന്റെ ശുശ്രൂഷയുടെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ പത്തോളം രാജ്യങ്ങൾ മാർപാപ്പ ആകുന്നതിനുമുമ്പ് ലെയോ പതിനാലാമൻ പാപ്പ സന്ദർശിച്ചിട്ടുണ്ട്. അവ ചുവടെ ചേർക്കുന്നു.

1. ഇന്ത്യ

2004 ലും 2006 ലും ലെയോ പതിനാലാമൻ മാർപാപ്പ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. അഗസ്തീനിയൻ സഭയുടെ ജനറലായിരുന്ന കാലത്ത്, ഇന്ത്യയിലെ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള അഗസ്തീനിയൻ സന്യാസ സമൂഹങ്ങൾ സന്ദർശിച്ചു. 2004 ൽ കേരളത്തിലെ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ആറു ഡീക്കന്മാരുടെ തിരുപ്പട്ട സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

2. ഓസ്‌ട്രേലിയ

ജനറലായിരുന്ന സമയത്ത്, ലെയോ പതിനാലാമൻ മാർപാപ്പ 2002 ലും 2005 ലും ഓസ്‌ട്രേലിയ സന്ദർശിച്ചു. 2002 ൽ, അദ്ദേഹം ക്വീൻസ്‌ലാൻഡിന്റെ തലസ്ഥാന നഗരമായ ബ്രിസ്‌ബേനിലുള്ള ഓർഡറിന്റെ വില്ലനോവ കോളേജ് സന്ദർശിച്ചു. 2005 ൽ, പടിഞ്ഞാറൻ സിഡ്‌നിയിലുള്ള ഹോളി സ്പിരിറ്റ് ഇടവകയിൽ അജപാലനശുശ്രൂഷ നിർവഹിക്കുന്ന അഗസ്റ്റീനിയൻ സന്യാസിമാരെ സന്ദർശിക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.

3. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ

2009 ൽ, രാജ്യത്തിന്റെ തലസ്ഥാനമായ കിൻഷാസയിൽ ലിയോ പാപ്പ അഗസ്റ്റീനിയൻ സർവകലാശാല ഉദ്ഘാടനം ചെയ്തു. അവിടെ അദ്ദേഹം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുകയും യുദ്ധം ബാധിച്ച ഗ്രാമങ്ങളിലെ കുടുംബങ്ങളെയും സമൂഹങ്ങളെയും കാണുകയും ചെയ്തു. അതേവർഷം തന്നെ അദ്ദേഹം ബസ്-ഉലെ പ്രവിശ്യയിലെ തന്റെ സന്യാസിമാരെയും സന്ദർശിച്ചു.

4. ഇന്തോനേഷ്യ

2003 ൽ, ജയപുരയിലെ സോറോങ് രൂപതയിലെ സെന്റ് അഗസ്റ്റിൻ സമൂഹത്തിന്റെ വാർഷികം ആഘോഷിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ ഇന്തോനേഷ്യയിലെ പാപുവയിലെത്തി. ഇക്കാലഘട്ടത്തിൽ അദ്ദേഹം പാപുവ മേഖലയിൽ സായുധസംഘട്ടനവും ആഭ്യന്തരകലാപവും നേരിടുന്നവരുടെ ദുരിതങ്ങൾ മനസ്സിലാക്കി.

5. കെനിയ

2011, 2024, 2025 വർഷങ്ങളിൽ ലെയോ പതിനാലാമൻ മാർപാപ്പ കെനിയയിലെത്തിയിരുന്നു. 2024 ൽ ആഫ്രിക്കൻ രാജ്യത്തേക്കുള്ള സന്ദർശനത്തിൽ, അന്നത്തെ കർദിനാൾ നെയ്‌റോബിയിലെ അഗസ്തീനിയൻ ഇന്റർനാഷണൽ ഹൗസ് ഓഫ് തിയോളജിയിലെ ചാപ്പലിന്റെ കൂദാശയ്ക്ക് നേതൃത്വം നൽകി.

6. നൈജീരിയ

2001 നും 2016 നുമിടയിൽ ലെയോ പാപ്പ കുറഞ്ഞത് ഒൻപതു തവണ ആഫ്രിക്കൻ രാജ്യമായ നൈജീരിയ സന്ദർശിച്ചിട്ടുണ്ട്. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ നൈജീരിയൻ പ്രൊവിൻസ് സ്ഥാപിക്കുന്നതിനും ഏകീകരിക്കുന്നതിനുമായി അബുജയിലും അതിനുശേഷവും നിരവധി മീറ്റിംഗുകളിലും പങ്കെടുത്തിട്ടുണ്ടെന്നും നൈജീരിയ കാത്തലിക് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു.

7. പെറു

1985 ൽ പെറുവിലേക്ക് പുതുതായി നിയമിതനായ വൈദികനായിരുന്നു ലെയോ പാപ്പ. അവിടെവച്ച് അദ്ദേഹത്തെ തന്റെ സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യലായി നിയമിതനായി. 1990 കളിൽ, ട്രൂജില്ലോ അതിരൂപതയിലെ കത്തോലിക്കാ വിശ്വാസികളെ ജുഡീഷ്യൽ വികാരിയായും സാൻ കാർലോ ആൻഡ് സാൻ മാർസെല്ലോ സെമിനാരി കോളേജിൽ കാനോൻ നിയമം, പാട്രിസ്റ്റിക്സ്, ധാർമ്മിക ദൈവശാസ്ത്രം എന്നിവയുടെ പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1999 നും 2014 നും ഇടയിൽ ചിക്കാഗോയിലും റോമിലും ആയിരുന്ന അദ്ദേഹം 2014 നവംബറിൽ പെറുവിലേക്കു മടങ്ങി. ചിക്ലായോ രൂപതയുടെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. 2020 ൽ, കാലാവോ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും അദ്ദേഹത്തെ നിയമിച്ചു. 2023 ൽ റോമൻ കൂരിയയ്ക്കുവേണ്ടി പ്രവർത്തിക്കാൻ പാപ്പ അദ്ദേഹത്തെ വിളിക്കുകയും ഒടുവിൽ ഒരു കർദിനാളായി ഉയർത്തുകയും ചെയ്തു.

8. ഫിലിപ്പീൻസ്

2002, 2010, 2012 വർഷങ്ങളിൽ അഗസ്റ്റീനിയൻ സമൂഹത്തിന്റെ പ്രിയോർ ജനറൽ എന്ന നിലയിൽ ലെയോ മാർപാപ്പ ഫിലിപ്പീൻസിൽ നിരവധി തവണ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഒരു സന്ദർശനവേളയിൽ, പോപ്പ്, രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പള്ളിയായ സെബുവിലെ സാന്റോ നിനോ ബസിലിക്ക സന്ദർശിച്ചു. അവിടെയാണ് ഉണ്ണിയേശുവിന്റെ പ്രശസ്തമായ ദൈവാലയം സ്ഥിതിചെയ്യുന്നത്.

9. സൗത്ത് കൊറിയ

1985 ൽ ഏഷ്യാ പസഫിക്കിലെ അഗസ്തീനിയൻ സമൂഹം സൗത്ത് കൊറിയയിൽ തങ്ങളുടെ സമൂഹം സ്ഥാപിക്കാൻ സഹായിച്ചു. യുവ വൈദികനും മിഷനറിയുമായിരുന്നപ്പോൾ, തന്റെ സഹോദരന്മാർക്ക് രാജ്യത്ത് ദൗത്യം സ്ഥാപിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അവരെ സഹായിക്കുന്നതിനായി, അവധിക്കാലം ആഘോഷിക്കുകയായിരുന്നെങ്കിലും ലെയോ പാപ്പ സൗത്ത് കൊറിയയിൽ എത്തിയെന്ന് ഫാദർ ജോൺ സള്ളിവൻ ഒ എസ് എ, ദി കാത്തലിക് ലീഡറിനോടു പറഞ്ഞു.

10. ടാൻസാനിയ

ലെയോ പതിനാലാമൻ പാപ്പ അഞ്ചുതവണയിൽ കൂടുതൽ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ സന്ദർശിച്ചിട്ടുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാപ്പ ടാൻസാനിയയിലെ നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് ടാൻസാനിയയുടെ ദേശീയ പത്രമായ ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്തു. സോംഗിയയിൽ നിന്ന് മൊറോഗോറോയിലേക്ക് ഏകദേശം 468 മൈൽ റോഡ് യാത്രപോലും അദ്ദേഹം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News