പഹൽഗാമിലെ ഭീകരാക്രമണത്തിന് പാക്കിസ്ഥാനു തിരിച്ചടിയായി ഇന്ന് വെളുപ്പിനെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 70 പേരിൽ ഭീകരൻ മസൂദ് അസ്ഹറിന്റെ സഹോദരിയടക്കം പത്തു പേർ മരിച്ചതായി വിവരം. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ പത്തുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഐക്യരാഷ്ട്ര സഭ ഭീകരനായി പ്രഖ്യാപിച്ച ആളുടെ ഭാര്യാസഹോദരനും ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളിൽ ഉൾപ്പെടുന്നുവെന്ന് പാക്ക് മാധ്യമങ്ങൾ പറയുന്നു.
അസ്ഹറിന്റെ മൂത്ത സഹോദരിയും ഭർത്താവും അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. അസ്ഹറിന്റെയും അമ്മയുടെയും അടുത്ത സഹായിയും മറ്റു രണ്ട് അടുത്ത അനുയായികളും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഭീകരൻ മസൂദ് അസ്ഹറിനെ താമസിപ്പിച്ചിരിക്കുന്ന ലഹോറിൽ കനത്ത സുരക്ഷയാണ് പാക്ക് സൈന്യത്തിന്റെയും ഐ എസ് ഐ യുടെയും നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.