Sunday, November 24, 2024

വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഭീകരാക്രമണം: പതിനൊന്നു തൊഴിലാളികൾ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ നടന്ന ഭീകരാക്രമണത്തിൽ പതിനൊന്നു തൊഴിലാളികൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ കാവൽ പ്രധാനമന്ത്രി അൻവർ-ഉൽ-ഹഖ് കാക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോർത്ത് വസീരിസ്ഥാൻ ഗോത്രവർഗ ജില്ലയില്‍ ഞായറാഴ്ചയായിരുന്നു ആക്രമണമുണ്ടായത്.

വസീരിസ്ഥാനിലെ ഒരു നിർമ്മാണകേന്ദ്രത്തിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ദക്ഷിണ വസീറിസ്ഥാൻ ഗോത്രവർഗ ജില്ലയിലെ തഹ്‌സിൽ മക്കിൻ, വാന വിഭാഗത്തിൽപെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് നോർത്ത് വസീറിസ്ഥാൻ ഡെപ്യൂട്ടി കമ്മീഷണർ റെഹാൻ ഖട്ടക് പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി. കാണാതായ തൊഴിലാളികളെ കണ്ടെത്താനുമുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

“വടക്കൻ വസീറിസ്ഥാനിൽ നിരപരാധികളായ 11 തൊഴിലാളികളുടെ ജീവനപഹരിച്ച ഭീകരാക്രമണത്തെക്കുറിച്ച് അറിയുന്നത് ഹൃദയഭേദകമാണ്. വിവേകശൂന്യമായ ഈ അക്രമത്തെ ശക്തമായി അപലപിക്കുകയും ദുരിതബാധിതരായ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു” – അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു.

Latest News