വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ഹോസ്പിറ്റൽ ഹമാസ് തീവ്രവാദ സംഘം അഭയകേന്ദ്രമായി ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തി ഇസ്രായേൽ സൈന്യത്തിന്റെ പിടിയിലായ ഹമാസ് തീവ്രവാദി. ഹമാസ് പ്രവർത്തകന്റെ ചോദ്യം ചെയ്യൽ ദൃശ്യങ്ങൾ ഐഡിഎഫ് പുറത്തുവിട്ടു.
ഹമാസിൻ്റെയും ഇസ്ലാമിക് ജിഹാദിൻ്റെയും 240 അംഗങ്ങളെ കഴിഞ്ഞ മാസം കമാൽ അദ്‌വാൻ ഹോസ്പിറ്റലിൽ നടന്ന ഓപ്പറേഷനിൽ സൈന്യം തടവിലാക്കിയതായി ഐഡിഎഫ് നേരത്തെ അറിയിച്ചിരുന്നു.
സൈന്യം നേരിട്ട് ആക്രമിക്കുകയില്ലാത്തതിനാൽ ആശുപത്രി ഒരു സുരക്ഷിത കേന്ദ്രമാണെന്നാണ് ഭീകരർ കരുതുന്നതെന്ന് പിടിയിലായ ഹമാസ് തീവ്രവാദി അനസ് മുഹമ്മദ് ഫൈസ് എ-ഷെരീഫ് വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, അനസിന്റെ മൊഴികൾ നിർബന്ധിച്ച് പറയിച്ചതാണോ എന്ന് വ്യക്തമല്ല. ആയുധങ്ങൾ സൂക്ഷിക്കാനും രാത്രിയിൽ നിരീക്ഷണ പ്രവർത്തനങ്ങളും പട്രോളിംഗും നടത്തുന്നതിനായും മെഡിക്കൽ സെന്റർ ഉപയോഗിച്ചിരുന്നുവെന്നും അനസ് പറഞ്ഞു.
താൻ ഹോസ്പിറ്റലിലെ ഒരു കെയർ ടേക്കറായി ജോലി ചെയ്തിരുന്നതായും അതേ സമയം ഹമാസിൻ്റെ എലൈറ്റ് നുഖ്ബ സേനയിൽ അംഗമായിരുന്നുവെന്നും അനസ് വെളിപ്പെടുത്തി.
കമാൽ അദ്‌വാനിൽ ഡിസംബറിൻ്റെ അവസാനത്തിൽ ആരംഭിച്ച് ഏതാനും ദിവസങ്ങൾ നീണ്ടുനിന്ന ഐഡിഎഫ് റെയ്ഡിൽ 240-ലധികം ഹമാസ്, പാലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളും മറ്റ് തീവ്രവാദ ഗ്രൂപ്പുകളിൽ അംഗങ്ങളെന്ന് സംശയിക്കുന്നവരും അറസ്റ്റിലായതായി സൈന്യം അറിയിച്ചു.
റെയ്ഡിന്റെ സമയത്ത് തീവ്രവാദികളിൽ ചിലർ രോഗികളായും മെഡിക്കൽ സ്റ്റാഫായും ആൾമാറാട്ടം നടത്തുകയും മറ്റു ചിലർ ആംബുലൻസുകളിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും ഐഡിഎഫ് വെളിപ്പടുത്തി.