ഭീകരസംഘടനയായ ഐ.എസിന്റെ കേരളത്തിലെ സജീവപ്രവർത്തകരിൽ രണ്ടുപേരാണ് രണ്ടുമാസങ്ങൾക്കിടെ പിടിയിലായിട്ടുള്ളത്. ലോകസമാധാനത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നതുവഴിയായി ലോകംമുഴുവൻ ആശങ്കയോടെ നോക്കിക്കാണുന്ന ഐ.എസ് പോലുള്ള ഒരു ഇസ്ലാമിക ഭീകരസംഘടന കേരളത്തിലും വേരാഴ്ത്തിയിരിക്കുന്നു എന്ന വാർത്ത നടുക്കമുളവാക്കുന്നതാണ്. ഈ വസ്തുത നിസ്സാരവൽക്കരിക്കാൻ കഴിയുന്ന ഒന്നല്ല. ഇസ്ലാമിക ഭീകരസംഘടനകളുടെ ഒട്ടേറെ സജീവപ്രവർത്തകർ കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലുണ്ടെന്നും അവർ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നും സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ ഐക്യരാഷ്ട്രസഭയുടേതുൾപ്പെടെയുള്ള വിവിധ അന്വേഷണ ഏജൻസികളും ദേശീയ – അന്തർദേശീയ മാധ്യമങ്ങളും മുൻവർഷങ്ങളിൽ പുറത്തുവിട്ടിരുന്നതാണ്. എന്നിട്ടും അർഹിക്കുന്ന പ്രാധാന്യത്തോടെ ഇത്തരം ഭീകരവാദനീക്കങ്ങളെ പ്രതിരോധിക്കാൻ ഇന്നാട്ടിലെ സർക്കാർ സംവിധാനങ്ങളോ, റിപ്പോർട്ട് ചെയ്യാൻ കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളോ ശ്രദ്ധിച്ചിരുന്നില്ല.
പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രസംഘടനകൾ അടുത്തകാലത്തായി നിരോധിക്കപ്പെടുകയും ആയുധപരിശീലനം നൽകിയെന്നാരോപിച്ച് മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമിയുൾപ്പെടെയുള്ള സ്ഥാപനങ്ങൾ കണ്ടുകെട്ടപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, തീവ്രചിന്തകൾ വളർത്തി ഈ നാടിന്റെ ഐക്യത്തിന് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ നിർബാധം തുടരുകയാണ്. തീവ്രവാദസംഘടനകളുടെ പിൻബലത്തോടെയുള്ള കളളപ്പണ ഇടപാടുകളും സ്വർണ്ണകടത്തും മയക്കുമരുന്ന് വ്യാപാരവും ഇന്നും കേരളത്തിൽ അഭംഗുരം തുടരുന്നു. ഭീകരവാദപ്രവർത്തനങ്ങൾക്കുള്ള ധനസമ്പാദന മാർഗങ്ങളാണ് ഇത്തരം ഇടപാടുകളെന്ന് അന്താരാഷ്ട്രസംഘടനകൾ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും കേരളത്തിൽ അത്തരത്തിലുള്ള അന്വേഷണങ്ങളോ, നടപടികളോ ഉണ്ടാകുന്നില്ല എന്നുള്ളത് ഇവിടുത്തെ സർക്കാർ ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ നിഷ്ക്രിയാവസ്ഥയെ തുറന്നുകാണിക്കുന്നു.
കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ ഡീറാഡിക്കലൈസേഷൻ പദ്ധതികളിലൂടെ ഒരുവിഭാഗം യുവജനങ്ങളെ തീവ്രവാദ പ്രവർത്തനങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങിയിട്ടുണ്ട് എന്ന, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ, 2021 സെപ്തംബർ മാസത്തിലെ വെളിപ്പെടുത്തൽ ഇപ്പോഴത്തെ സാഹചര്യങ്ങളോട് ചേർത്തുവായിക്കേണ്ടതാണ്. ഇത്തരം പ്രവർത്തനങ്ങളുടെ പുരോഗതിയും ഫലപ്രാപ്തിയും വിലയിരുത്താനും വിശദാംശങ്ങൾ പുറത്തുവിടാനും സർക്കാർ തയാറാകണം.
ഭീകരവാദത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിരവധി രാജ്യങ്ങളിൽ അസ്വസ്ഥതകൾ വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരമൊരു ഗൗരവമേറിയ വിഷയത്തിന് കൂടുതൽ ശ്രദ്ധനൽകാനും, മത – രാഷ്ട്രീയ സ്വാധീനങ്ങൾക്ക് അതീതമായി ശരിയായ അന്വേഷണങ്ങൾ നടത്തി മതപരമോ, രാഷ്ട്രീയപരമോ ആയ എല്ലാ തീവ്രവാദനീക്കങ്ങളെയും വേരോടെ പിഴുതെറിയാനും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ആത്മാർഥമായും അടിയന്തരമായും തയാറാകണം.
ഫാ. ഡോ. മൈക്കിൾ പുളിക്കൽ, സെക്രട്ടറി, കെ.സി.ബി.സി ജാഗ്രത കമ്മീഷൻ