ഇസ്രയേലില്‍ നുഴഞ്ഞുകയറി വ്യാപകാക്രമണം നടത്തിയ ഭീകരഗ്രൂപ്പിനെ കണ്ടെത്താന്‍ ആഭ്യന്തര സുരക്ഷാസേന പുതിയ യൂണിറ്റ് സ്ഥാപിച്ചു. ഇസ്രയേലി ഇന്റലിജിൻസ് ഏജൻസിയായ ഷിൻ ബെറ്റ്, ‘നിലി’ എന്ന പേരിലാണ് പുതിയ യൂണിറ്റിന് രൂപംനൽകിയിരിക്കുന്നത്. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം ആസൂത്രണം ചെയ്തവരും നടപ്പിലാക്കിയവരുമുൾപ്പെടെ എല്ലാവരെയും തേടിപ്പിടിച്ച് വധിക്കുക എന്നതാണ് ലക്ഷ്യം.
രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷാ സേവനവിഭാഗമായ ഷിൻ ബെറ്റിനൊപ്പം സുരക്ഷാ ഏജന്‍സിയായ മൊസാദും ചേർന്നാണ് പുതിയ യൂണിറ്റ് രൂപികരിച്ചിരിക്കുന്നത്. ഹമാസിന്റെ പ്രത്യേക കമാൻഡോ യൂണിറ്റ് നുഖ്ബയെ (എലൈറ്റ്) തകർക്കുന്നതിനാണ് പുതിയ യൂണിറ്റ്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലേക്കു നുഴഞ്ഞുകയറിയ നുഖ്ബ ഭീകരരെ ഇസ്രയേൽസൈന്യം വധിച്ചെങ്കിലും മറ്റുള്ളവർക്ക് ഗാസ മുനമ്പിലേക്ക് ഒളിച്ചോടാൻ കഴിഞ്ഞിരുന്നു. അവരിൽ പലരും സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. ഇവരെ തേടിപ്പിടിച്ച് വധിക്കാനുള്ള ഉത്തരവാദിത്വമാണ് നിലി യൂണിറ്റ് ഏറ്റെടുത്തിരിക്കുന്നത്.
നിലിയുടെ അംഗങ്ങൾ മറ്റ് കമാൻഡ് ആൻഡ് കൺട്രോൾ യൂണിറ്റുകളിൽനിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുമെന്നാണ് വിവരം. സ്ട്രൈക്ക് സെല്ലുകളെയും ഉയർന്ന റാങ്കിലുള്ള ഭീകരരെയും നിർവീര്യമാക്കുന്നതിലാണ് ഈ യൂണിറ്റുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറുവശത്ത്, ഈ പ്രത്യേകദൗത്യം വ്യത്യസ്തമാണ്. അതുകൊണ്ടാണ് നിലിയിൽ ഫീൽഡ് ഓപ്പറേറ്റർമാരെയും ഇന്റലിജൻസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയത്.