Tuesday, November 26, 2024

മനുഷ്യനോട് സാമ്യമുള്ള ഹ്യുമനോയിഡ് റോബോട്ടുകളെ വിപണിയിലിറക്കാനൊരുങ്ങി ടെസ്‌ല

അടുത്ത വര്‍ഷം അവസാനത്തോടെ മനുഷ്യനോട് സാമ്യമുള്ള ഹ്യുമനോയിഡ് റോബോട്ടുകള്‍ വിപണിയിലിറക്കുമെന്ന് അറിയിച്ച് ടെസ്ലയുടെ സി.ഇ.ഒ ഇലോണ്‍ മസ്‌ക്. ലോജിസ്റ്റിക്സ്, വെയര്‍ഹൗസിങ്, റീടെയിലിങ്, നിര്‍മാണം തുടങ്ങി പല മേഖലകളിലും ഹ്യുമനോയിഡ് റോബോട്ടുകളെ ഉപയോഗിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസം നടത്തിയ നിക്ഷേപക സംഘമത്തിലാണ് ഒപ്റ്റിമസ് എന്ന പേരില്‍ റോബോട്ട് പുറത്തിറക്കുമെന്ന് മസ്‌ക് അറിയിച്ചത്.

ഫാക്ടറികളിലെ ജോലി ചെയ്യാന്‍ റോബോട്ടിന് സാധിക്കുമെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. ജപ്പാനില്‍ നിന്നുള്ള ഹോണ്ട, ഹ്യുണ്ടായ് മോട്ടോഴ്സ് തുടങ്ങിയ കമ്പനികളെല്ലാം ഹ്യുമനോയിഡ് റോബോട്ടുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. മൈക്രോസോഫ്റ്റും നിവിഡിയയും പിന്തുണക്കുന്ന സ്റ്റാര്‍ട്ട് അപ് കമ്പനി ജര്‍മ്മന്‍ വാഹനനിര്‍മാതാക്കളായ ബി.എം.ഡബ്യുവുമായി ചേര്‍ന്ന് ഹ്യുമനോയിഡ് റോബോട്ട് യു.എസിലെ കാര്‍ നിര്‍മാണശാലയില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നു.

റോബോട്ട് വില്‍പന ടെസ്ലയുടെ മുഖ്യ വരുമാനമാര്‍ഗമാവുമെന്ന പ്രതീക്ഷയും മസ്‌ക് പ്രകടിപ്പിച്ചു. കാര്‍ വില്‍പനയേക്കാള്‍ കൂടുതല്‍ വരുമാനം ടെസ്ലക്ക് ഹ്യുമനോയിഡ് റോബോട്ട് വില്‍പനയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. റോബോട്ടുകളെ പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ ടെസ്ല ഓഹരികളുടെ വില ഉയര്‍ന്നിരുന്നു.

 

Latest News