ഇന്ത്യയുടെ ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലായ അഗ്നി-1ന്റെ പരീക്ഷണ വിക്ഷേപണം വിജയകരം. ഒഡീഷ തീരത്തെ എപിജെ അബ്ദുൽ കലാം ദ്വീപിൽ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. അഗ്നി-1ന്റെവിജയം ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഉയർന്ന കൃത്യതയുള്ള മിസൈൽ സംവിധാനമാണ് അഗ്നി-1. അഗ്നി സീരീസ് മിസൈലുകളുടെ വിവിധ വകഭേദങ്ങൾ ഇതിനോടകം ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. 2023 ജൂണിലും അഗ്നി-1നു സമാനമായ ഹ്രസ്വദൂര ബാലസ്റ്റിക് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചിരുന്നു. ഉയർന്ന പ്രവർത്തനക്ഷമതയാണ് അഗ്നി-1 ബാലസ്റ്റിക് മിസൈലിന്‍റെ പ്രധാന ആകർഷണീയത.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒഡീഷ തീരത്ത് നിന്ന് പുതുതലമുറ ബാലസ്റ്റിക് മിസൈലായ അഗ്നി പ്രെം വിജയകരമായി വിക്ഷേപിച്ചിരുന്നു. തുടർന്ന് ഡിസംബറിൽ 5,000 കിലോമീറ്റർ വരെ വിദൂരത്തിൽ പ്രതിരോധം തീർക്കാൻ കഴിയുന്ന അഗ്നി-വി എന്ന ബാലസ്റ്റിക് മിസൈലും വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.