ഡാളസിലെ ഷോപ്പിംഗ് മാളിൽ കുട്ടികളടക്കം ഒൻപതു പേരെ കൊലപ്പെടുത്തിയ അക്രമിയെ പോലീസ് തിരിച്ചറിഞ്ഞു. 33 വയസ്സുള്ള മൗറീഷ്യോ ഗാർഷ്യ എന്നയാളാണ് അക്രമം നടത്തിയതെന്ന് ടെക്‌സസ് അധികൃതർ കണ്ടെത്തി. ഡാളസ് സ്വദേശിയായ അക്രമിയെ സ്ഥലത്ത് മറ്റൊരു ആവശ്യത്തിനായി എത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച നടന്ന ആക്രമണത്തിൽ AR-15 വിഭാഗത്തിൽപ്പെട്ട റൈഫിളുമായി വന്ന അക്രമി യുദ്ധസമയത്ത് ഉപയോഗിക്കുന്ന സുരക്ഷാ ജാക്കറ്റും ധരിച്ചിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിൽനിന്നും ഗാർഷ്യക്ക് തീവ്ര വലതുപക്ഷ ബന്ധങ്ങൾ ഉണ്ടായിരുന്നിരിക്കാം എന്നാണ് പോലീസിന്റെ കണ്ടെത്തൽ. വസ്ത്രത്തിൽ ഉണ്ടായിരുന്ന RWDS എന്ന അക്ഷരങ്ങൾ “റൈറ്റ് വിംഗ് ഡെത്ത് സ്ക്വാഡ്” – ഒരു നിയോ-നാസി ഗ്രൂപ്പാണെന്നാണ് അധികൃതരുടെ അനുമാനം. അക്രമിയുടെ കാറിൽ നിന്നും കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടെത്തി.
നോർത്ത് ഡാലസിന്റെ പ്രാന്തപ്രദേശത്തുള്ള അല്ലെൻ പ്രീമിയം ഔട്ട്‌ലെറ്റ് മാളിൽ സാധനങ്ങൾ വാങ്ങാനെത്തിയവർക്ക് നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
രാജ്യത്തെ തീവ്രവാദികളുമായും സമാന ചിന്താഗതിക്കാരായ വ്യക്തികളുമായും ഇയാൾക്ക് ബന്ധമുണ്ടോ എന്നതിനെക്കുറിച്ചുള്ള സൂചനകൾക്കായി ഉദ്യോഗസ്ഥർ അക്രമിയുടെ സോഷ്യൽ മീഡിയയും ഓൺലൈൻ അക്കൗണ്ടുകളും പരിശോധിക്കുകയാണ്. അക്രമത്തിന് മുൻപ് ഗാർഷ്യ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നുവെന്നും മറ്റ് ക്രിമിനൽ റെക്കോർഡ് ഉണ്ടായിരുന്നില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.