ഹൃദയസംബന്ധമായ ഗുരുതര പ്രശ്‌നത്തെ തുടര്‍ന്ന് മൂന്നാഴ്ചയിലേറെയായി ബാങ്കോക്കിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള തായ്‌ലന്‍ഡ് രാജകുമാരി ബജ്രകിത്യാഭ മഹിഡോല്‍ (44) അബോധാവസ്ഥയില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
മയോപ്ലാസ അണുബാധയ്ക്ക് പിന്നാലെയുണ്ടായ ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുന്ന ഹാര്‍ട്ട് അറിത്മിയ അവസ്ഥയാണ് രാജകുമാരിക്കെന്ന് അധികൃതര്‍ ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് രാജകുമാരിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
തായ്‌ലന്‍ഡ് രാജാവ് വജീറലോംഗ്‌കോണിന്റേയും ആദ്യ ഭാര്യ സോംസവാലിയുടേയും ഏക മകളായ ബജ്രകിത്യാഭ ഡിസംബര്‍ 15 ന് ഖാനോ യായ് നാഷണല്‍ പാര്‍ക്കില്‍ മിലിട്ടറി ഡോഗ് ട്രെയിനിംഗ് സെക്ഷനിടെ തന്റെ വളര്‍ത്തുനായകള്‍ക്കൊപ്പം ഓടുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
‘പ്രിന്‍സസ് ഭാ’ എന്നറിയപ്പെടുന്ന ബജ്രകിത്യാഭയ്ക്ക് വജീറലോംഗ്‌കോണിന് ശേഷം കിരീടാവകാശികളുടെ നിരയില്‍ തൊട്ടടുത്ത സ്ഥാനമാണ്. അഭിഭാഷകയും നയതന്ത്രജ്ഞയുമാണ് ബജ്രകിത്യാഭ.