തായ്‌ലാന്‍ഡില്‍ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയതിന് പിന്നാലെ 10 ലക്ഷം കഞ്ചാവുചെടികള്‍ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഭരണകൂടം വ്യക്താക്കി. അടുത്ത മാസം തന്നെ കഞ്ചാവ് ചെടിയുടെ വിതരണം ആരംഭിക്കും. വീട്ടില്‍ ഉള്‍പ്പടെ കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളാണ് തായ്‌ലാന്‍ഡ് ഭരണകൂടം എടുത്തുകളഞ്ഞത്.
തായ്‌ലാന്‍ഡില്‍ മൂന്നിലൊന്ന് തൊഴിലാളികളും കഞ്ചാവുകൃഷി ചെയ്യുന്നവരാണ്. കഞ്ചാവിനെ നാണ്യവിളയായി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് തായ്‌ലാന്‍ഡ്. കൃഷിയേയും ടൂറിസത്തേയും പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് കഞ്ചാവ് നിയമവിധേയമാക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഗാര്‍ഹിക വിളകള്‍ പോലെ കഞ്ചാവ് ചെടികള്‍ വളര്‍ത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിന്‍ ചര്‍ണ്‍വിരാകുല്‍ ഈ മാസം ആദ്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വീട്ടില്‍ വളര്‍ത്തുന്നതുവഴി ഓരോ വര്‍ഷവും നൂറുകണക്കിന് മില്ല്യണ്‍ ഡോളര്‍ സമ്പാദിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും മെഡിക്കല്‍ ടൂറിസം ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു.