Monday, November 25, 2024

തായ്‌വാന്‍ കടലിടുക്കിലേയ്ക്ക് അമേരിക്കന്‍ നാവിക കപ്പലുകള്‍ നീങ്ങുന്നു; ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ചൈന

തായ്വാനെതിര ചൈനയുടെ നീക്കത്തെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ നടപടികളെ നേരിടുമെന്ന് ആവര്‍ത്തിച്ച് ബീജിംഗ്. തായ്വാന്‍ കടലിടുക്കിലേയ്ക്ക് അമേരിക്കയുടെ നാവികപ്പട നീങ്ങുന്നതിലാണ് ചൈനയുടെ പ്രകോപനം. നൂറ്
അമേരിക്കന്‍ യുദ്ധകപ്പലുകളാണ് തായ്വാന്‍ കടലിടുക്കിലൂടെ ഈ വര്‍ഷം വിവിധ സമയത്തായി കടന്നുപോയതായാണ് ചൈന ആരോപിക്കുന്നത്. തായ്വാനെതിരെ 23 വിമാനങ്ങളെ വ്യോമാതിര്‍ത്തി ലംഘിച്ച് പറത്തിയ ചൈനീസ് സൈന്യത്തിന്റെ നടപടിക്കെതിരെയാണ് അമേരിക്കയുടെ നീക്കം.

അമേരിക്കയുടെ കപ്പലുകളെ നിരീക്ഷിച്ചുകൊണ്ട് ബീജിംഗ് ഭരണകൂടം നാവിക പടയെ സമുദ്രത്തില്‍ കൂടുതലായി വിന്യസിച്ചിരിക്കുകയാണ് . മിസൈല്‍ വാഹിനികളായ അമേരിക്കയുടെ ആന്റിയേറ്റം, ചാന്‍സ്ലര്‍വില്ലേ എന്നീ കപ്പലുകളാണ് നിലവില്‍ തായ്വാന് സമീപമുള്ളത്. ചൈന തായ്വനെ ഭീഷണിപ്പെടുത്താന്‍ വലിയതോതില്‍ സൈനിക പരിശീലനം നടത്തിയ മേഖലയിലാണ് അമേരിക്കന്‍ കപ്പലുകളെത്തിയത്.

അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിയും തൊട്ടുപിന്നാലെ പാര്‍ലമെന്റംഗങ്ങളും തായ്വാന്‍ സന്ദര്‍ശിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ചൈന നിരന്തരം വ്യോമസേനയേയും നാവികസേനയേയും ഉപയോഗിച്ച് ചൈനാ കടലില്‍ തായ്വാനെതിരെ സമ്മര്‍ദ്ദം ശക്തമാക്കിയത്. എന്നാല്‍ ഓരോ തവണ ചൈന നീങ്ങുമ്പോഴും അമേരിക്ക തായ്വാന് പിന്തുണ പ്രഖ്യാപിക്കുന്ന പ്രതിരോധ നടപടികളാണ് സ്വീകരിക്കുന്നത്.

Latest News