Sunday, November 24, 2024

‘ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്’: ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ കേരളം. “ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്. സാന്ത്വനവും പ്രതീക്ഷയുമായിരുന്നു. പോകാത്ത സ്ഥലവും കാണാത്ത ജനങ്ങളുമുണ്ടാകില്ല.” മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത് ഇപ്രകാരമാണ്. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ വഹിച്ച ജനകീയ നേതാവെന്ന നിലയിൽ ശ്രദ്ധേയനായ ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന്റെ തീരാ നഷ്ടമാണെന്നാണ് രാഷ്ട്രീയ കേരളത്തിൻറെ പ്രതികരണം.

കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. “സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു,”- കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അനുസ്മരിച്ചത് ഇപ്രകാരം ആയിരുന്നു.

കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ രാഷ്ട്രീയ അതികായൻ്റെ നഷ്ടം നികത്താൻ ആകാത്തതാണ്. എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനശൈലി ഒരു പാഠപുസ്തകം തന്നെയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. ജനനായകന് വിട- എന്ന ഒറ്റവരിയിലായിരുന്നു മുതിർന്ന മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചത്.

മികച്ച ഭരണാധികാരിയും കോൺഗ്രസ്സിന്റെ ജനപ്രിയനേതാവുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട നേതാവായിരുന്നു അദ്ദേഹം. മികച്ച ഭരണാധികാരിയും കോൺഗ്രസ്സിന്റെ ജനപ്രിയനേതാവുമായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിന് അതുല്ല്യ സംഭാവന നൽകിയ ഭരണാധികാരിയാണ് ഉമ്മൻചാണ്ടിയെന്നും സുരേന്ദ്രൻ അനുസ്മരിച്ചു.

അതേസമയം, ഉമ്മൻ ചാണ്ടിയുടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ട് പോകാനുളള കൂടിയാലോചനകളിലാണ് കുടുംബം. കേരളത്തിൽ എവിടെയൊക്കെ പൊതു ദർശനം ഉണ്ടാകുമെന്നത് സംബന്ധിച്ച് കോൺഗ്രസ് ആകും തീരുമാനമെടുക്കുക. വിശാല പ്രതിപക്ഷ യോഗം നടക്കുന്നതിനാൽ കോൺഗ്രസിന്റെ മുതിർന്ന ദേശീയനേതാക്കളെല്ലാം ബെംഗളൂരുവിലുണ്ട്. വ്യോമമാർഗം മൃതദേഹം കേരളത്തിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Latest News