മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ സോളാര്‍ കേസില്‍ നിര്‍ണ്ണായ വെളിപ്പെടുത്തലുമായി ദേശാഭിമാനിയുടെ മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍. മാധവന്‍കുട്ടി. ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണം ഉള്‍പ്പടെയുള്ളവ തെറ്റായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഫേസ്ബുക്കിലൂടെയാണ് ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഈ ഏറ്റുപറച്ചിലുകള്‍ നടത്താന്‍ ഉമ്മന്‍ ചാണ്ടിയുടെ മരണംവരെ കാത്തിരുന്നു എന്നതിന് ക്ഷമിക്കുക എന്നുപറഞ്ഞാണ് മാധവന്‍കുട്ടി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമപ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ട് വലിയ രാഷ്ട്രീയ മനഃസ്താപങ്ങളില്‍ ഓ.സി; ഉമ്മന്‍ ചാണ്ടിയുണ്ട്.
1. “ശൈലിമാറ്റം”
“ഐ.എസ്.ആര്‍.ഒ ചാരക്കേസ്” കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ച് മുഖ്യമന്ത്രി കെ. കരുണാകരനെതിരെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്റെ എഴുത്തു മൂലം ഇന്ത്യൻ എക്സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം അധാര്‍മ്മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു. പലരെയും പോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു.
2. “സരിത” വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കുനേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗീക ആരോപണത്തിന് അന്ന് ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്ന് ലജ്ജിക്കുന്നു.
ഇതു പറയാന്‍ ഓസിയുടെ മരണംവരെ ഞാന്‍ എന്തിന് കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു
മറുപടിയേ ഉള്ളൂ നിങ്ങള്‍ക്ക്, മനഃസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല. ക്ഷമിക്കുക.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യുഡ എഫ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.