Sunday, April 20, 2025

2025 ലെ മഹാ കുംഭമേള അവസാനിച്ചു

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേള ഫെബ്രുവരി 26 ബുധനാഴ്ച സമാപിച്ചു. 45 ദിവസങ്ങൾ നീണ്ടുനിന്ന ഈ ആത്മീയ ആഘോഷത്തിൽ പങ്കുചേരാൻ 66 കോടിയിലധികം സന്ദർശകർ എത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. മഹാ ശിവരാത്രിയിലെ അവസാന പുണ്യസ്‌നാനത്തോടെയാണ് 2025 ലെ മഹാ കുംഭമേള സമാപിച്ചത്.

2027 ൽ മഹാരാഷ്ട്രയിലെ നാസികിലാണ് കുംഭമേള നടക്കുക. 2027 ലെ നാസിക് കുംഭമേള ജൂലൈ 17 മുതൽ ഓഗസ്റ്റ് 17 വരെ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാസിക്കിൽനിന്ന് ഏകദേശം 38 കിലോമീറ്റർ അകലെ ഗോദാവരി നദിയുടെ പുണ്യതീരത്ത് സ്ഥിതിചെയ്യുന്ന ത്രയംബകേശ്വറിലാണ് ഈ കുംഭമേള നടക്കുക.

ഏറ്റവും പഴക്കമുള്ള ഹിന്ദു ഗ്രന്ഥങ്ങളിലൊന്നായ ഋഗ്വേദത്തിൽ നിന്നാണ് കുംഭമേളയുടെ ഉത്ഭവം. ‘സാഗർ മന്തൻ’ അഥവാ പ്രപഞ്ചസമുദ്രത്തിന്റെ ക്ഷോഭസമയത്ത് ഉയർന്നുവന്ന അമർത്യതയുടെ അമൃത് അടങ്ങിയ ഒരു കുടത്തെയാണ് ‘കുംഭം’ എന്ന പദം സൂചിപ്പിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. 12 മനുഷ്യവർഷങ്ങൾക്കു തുല്യമായ 12 ദിവസത്തെ സ്വർഗീയ യുദ്ധത്തിൽ, അമൃതിന്റെ തുള്ളികൾ നാലു സ്ഥലങ്ങളിൽ വീണു – പ്രയാഗ്‌രാജ്, ഹരിദ്വാർ, നാസിക്, ഉജ്ജയിൻ. അങ്ങനെ അവ കുംഭമേളയുടെ സ്ഥലങ്ങളായി.

പ്രയാഗ്‌രാജ്, ഹരിദ്വാർ, നാസിക്, ഉജ്ജയിൻ എന്നിവിടങ്ങളിൽ മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന വിവിധതരം കുംഭമേളകളുണ്ട്. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന മേളയെ കുംഭമേള എന്നും ആറു വർഷത്തിലൊരിക്കൽ നടക്കുന്നതിനെ അർധ കുംഭമേള എന്നും വിളിക്കുന്നു. അതുപോലെ, 12 വർഷത്തിലൊരിക്കൽ നടക്കുന്നതിനെ പൂർണ്ണ കുംഭമേള എന്നും നിലവിൽ പ്രയാഗ്‌രാജിൽ നടക്കുന്നതിനെ മഹാ കുംഭമേള എന്നും വിളിക്കുന്നു. ഇത് 144 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് നടക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. 2027 ലെ നാസിക് കുംഭമേള ഒരു ‘അർധ കുംഭ’മായിരിക്കും.

Latest News